റാന്നി : ഗ്രാമ പഞ്ചായത്തുകളുടെ പൊതുമരാമത്ത് പണികൾക്ക് സാങ്കേതിക അനുമതി നല്‍കാത്തതിനാൽ പദ്ധതി തുക നഷ്ടപെടുമെന്ന് കാണിച്ച് ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് റ്റി കെ ജയിംസ് വകുപ്പ് മന്ത്രി എം.ബി രാജേഷിന് പരാതി നല്‍കി. റാന്നി ബ്ലോക്കിൽ 9 പഞ്ചായത്തുകളാണ് ഉള്ളത്. ഈ പഞ്ചായത്തുകളുടെ റോഡ് നിര്‍മ്മാണം അറ്റകുറ്റപ്പണിയും കെട്ടിട നിര്‍മ്മാണവും അറ്റകുറ്റപ്പണിയും എം സി എഫ് തുടങ്ങിയ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെയും സാങ്കേതിക അനുമതി നല്‍കേണ്ടത് ബ്ലോക്ക് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ആണ്. 9 പഞ്ചായത്തുകൾ കൂടി തൻവർഷം 450 നിര്‍മ്മാണ പ്രവര്‍ത്തികൾക്ക് ജില്ലാ പ്ലാനിങ് കമ്മറ്റിയിൽ നിന്ന് അനുമതി ലഭിച്ചിട്ടുണ്ട്. വെച്ചൂച്ചിറ 64/19,പഴവങ്ങാടി 106/19, നാറാണംമൂഴി 30/16, വടശേരിക്കര 107/46,സീതത്തോട് 40/11 ,ചിറ്റാർ 51/1,പെരുനാട് 90/60, റാന്നി 24/15,അങ്ങാടി 22/18 എന്നീ ക്രമത്തിലാണ് അനുമതി ലഭിച്ചിട്ടുള്ളത്. പദ്ധതികൾ പൂർത്തിയാക്കാൻ ഇനി കേവലം 80 ദിവസം മാത്രമണുള്ളത്. അനുമതി ലഭ്യമായെങ്കിൽ മാത്രമെ ടെന്റർ നടപടികളിലേക്ക് കടക്കാൻ പറ്റുകയുള്ളൂ.
നടപടി ക്രമങ്ങൾ പൂർത്തീകരിക്കാൻ തന്നെ 40 ദിവസം വേണ്ടി വരും. ഏകദേശം 25 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തികൾക്കാണ് ജില്ലാ പ്ലാനിങ് കമ്മറ്റിയുടെ അനുമതി ലഭിച്ചിട്ടുള്ളത്. ഇത്രയും തുക നഷ്ടപ്പെടുന്ന അവസ്ഥയാണ് ഉള്ളത്. ഇത്രയും കെടുകാര്യസ്ഥതയുള്ള ഒരു കാലഘട്ടം ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. ഗ്രാമ പഞ്ചായത്തുകൾ ചീഫ് എൻജിനീയർക്കും ഡയറക്ടർക്കും പരാതികൾ നൽകിയിട്ടും ഒരു നടപടികൾ ഉണ്ടായിട്ടില്ല. പഞ്ചായത്ത് ഭരണ സമിതികളാണ് പൊതുജനങ്ങളിൽ നിന്ന് പഴി മുഴുവന്‍ ഏറ്റുവാങ്ങുന്നത്. റോഡുകളുടെ തകർച്ചമൂലം ഇരുചക്രവാഹനവും ഓട്ടോറിക്ഷയും ഓടാൻ വയ്യാത്ത സാഹചര്യമാണ് ഉള്ളത്. പല പ്രദേശങ്ങളിലേക്കും ഓട്ടോറിക്ഷകൾ ഓട്ടം പോകാറില്ല. ക്ഷീര സംഘങ്ങളിൽ പാൽ അളക്കുന്ന കർഷകരെയും രോഗികളെയും വിദ്യാർത്ഥികളെയുമാണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചിട്ടുള്ളത്. നിലവിലെ നിയമ പ്രകാരം മാർച്ച് 30 ന് ശേഷം ഈ തുക പഞ്ചായത്തുകൾക്ക് നഷ്ടപ്പെടും. അടുത്ത സാമ്പത്തിക വർഷം പുതിയ പദ്ധതികൾ ഏറ്റെടുക്കാൻ ഗ്രാമ പഞ്ചായത്തുകൾക്ക് സാധിക്കുകയുമില്ല. ഇത്രയും അനാസ്ഥ കാട്ടിയ അസിസ്റ്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ പേരിൽ നടപടി സ്വീകരിക്കണമെന്നും കാര്യപ്രാപ്തി ഉള്ള എൻജിനീയറെ അടിയന്തരമായി ബ്ലോക്കിൽ നിയമിക്കണമെന്ന് ഗ്രാമ പഞ്ചായത്തിൽ ഒഴിവുള്ള അസിസ്റ്റ് എൻജിനീയർമാരെയും ഓവർസീയർമാരെയും പഞ്ചായത്തിൽ അടിയന്തിരമായി നിയമിക്കണമെന്നും പൊതുമരാമത്ത് പദ്ധതികൾ പൂർത്തികരിക്കുന്നതിന് 3 മാസം കൂടി കാലാവധി അധികമായി നീട്ടി നല്‍കണമെന്നും മന്ത്രിക്ക് നല്‍കിയ കത്തിലൂടെ പ്രസിഡന്റ് റ്റി കെ ജയിംസ് ആവശ്യപ്പെട്ടു.