പിസി കംപ്യൂട്ടിങ് അടുത്ത ഘട്ടത്തിലേക്ക്. കരുത്തും നിര്‍മിത ബുദ്ധിയും (എഐ) സമ്മേളിപ്പിച്ച് നിര്‍മിച്ച പുതിയ പ്രോസസര്‍ ഔദ്യോഗികമായി പരിചയപ്പെടുത്തിയിരിക്കുകയാണ് ചിപ് നിര്‍മാണ ഭീമന്‍ ഇന്റല്‍. പുതിയ ലാപ്‌ടോപ്പുകളിലായിരിക്കും തലമുറ മാറ്റം പ്രകടമാകുക. എഐ പ്രോസസിങ് നടത്തുന്ന അഡോബി ഫോട്ടോഷോപ്, പ്രീമിയര്‍ തുടങ്ങിയ കരുത്തുറ്റ സോഫ്റ്റ്‌വെയറും മറ്റും പുതിയ ഹാര്‍ഡ്‌വെയര്‍ കരുത്തിന്റെ അധിക മികവ് പ്രയോജനപ്പെടുത്തി പ്രവര്‍ത്തിച്ചേക്കും. ഇന്റല്‍ കോര്‍ അള്‍ട്രാ മൊബൈല്‍ പ്രോസസറുകളാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. എഐ എവരിവെയര്‍’ എന്നു പേരിട്ട അവതരണ വേദിയിലാണ് പ്രോസസറുകള്‍ പുറത്തെടുത്തത്. ഇവയുടെ പ്രധാന പ്രത്യേകത അതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഡെഡിക്കേറ്റഡ് ന്യൂറല്‍ പ്രോസസിങ് യൂണിറ്റ് ആണ്. പിസി കംപ്യൂട്ടര്‍ നിര്‍മാതാക്കളായ എയ്‌സര്‍, എസ്യൂസ്, ഡെല്‍, എച്പി, ലെനോവോ, മൈക്രോസോഫ്റ്റ്, സാംസങ് തുടങ്ങിയ കമ്പനികള്‍ എല്ലാം കൂടെ ഇന്റല്‍ കോര്‍ അള്‍ട്രാ കേന്ദ്രമായി 230 ഓളം പുതിയ ലാപ്‌ടോപ്പുകള്‍ താമസിയാതെ വില്‍പ്പനയ്‌ക്കെത്തിക്കുമെന്നാണ് അറിയിപ്പ്.
ഇവയാണ് ‘ലോകത്തെ ആദ്യത്തെ എഐ പിസികള്‍’ എന്നാണ് ഇന്റല്‍ അവകാശപ്പെടുന്നത്. ഇവയില്‍ ചിലത് ചില മാര്‍ക്കറ്റുകളില്‍ ഇപ്പോള്‍ വാങ്ങാം. കൂടാതെ 2028 ആകുമ്പോള്‍ ലോകത്ത് പ്രവര്‍ത്തിക്കുന്ന 80 ശതമാനം പിസികളും എഐ പ്രോസസറുകള്‍ ഉപയോഗിക്കുമെന്നും പ്രവചിക്കപ്പെടുന്നു. ഈ പ്രോസസറിന് ഒരു ട്രൈ ക്ലസ്റ്റര്‍ സിപിയു ആണ് ഉള്ളത്. എന്നു പറഞ്ഞാല്‍ ത്രിതല പ്രകടനം നടത്താന്‍ ഇവയ്ക്ക് സാധിക്കും- കരുത്തു വേണ്ടപ്പോള്‍ ‘പി’, കൂടുതല്‍ കാര്യപ്രാപ്തിയോടെ പ്രവര്‍ത്തിക്കേണ്ടപ്പോള്‍ ‘ഇ’, കുറച്ചു വൈദ്യുതി ഉപയോഗിക്കേണ്ട സന്ദര്‍ഭങ്ങളില്‍ ‘എല്‍പിഇ’ അല്ലെങ്കില്‍ ലോ പവര്‍-എഫിഷ്യന്‍സി കോറുകള്‍ പ്രവര്‍ത്തിക്കും. ഇതെല്ലാം ആര്‍ക് ജിപിയുവിനോട് ബന്ധപ്പെടുത്തിയായിരിക്കും പ്രവര്‍ത്തിക്കുക. എട്ട് എക്‌സ്ഇ (Xe) കോറുകള്‍ വരെ ഉള്ള പ്രോസസറുകള്‍ ഉണ്ടായിരിക്കും. ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന ശ്രേണിയില്‍ ഏറ്റവും കരുത്തുള്ളത് 5-ാം തലമുറയിലെ സിയോണ്‍ (Xeon) പ്രോസസറുകളാണ്.
ഇതിന്റെ ഹൈ-പെര്‍ഫോമന്‍സ് സിപിയുവിന് 64 കേന്ദ്രങ്ങള്‍ വരെയുണ്ട്. എഐ പ്രകടനത്തിലും മുന്നില്‍ നില്‍ക്കും. എന്നാല്‍ അടുത്ത വര്‍ഷം പുറത്തിറക്കാനൊരുങ്ങുന്ന ഇന്റല്‍ ഗൗഡി3 (Gaudi3) എഐ ആക്‌സലറേറ്റര്‍ ഈ വേദിയില്‍ ചെറുതായി ഒന്നു പരിചയപ്പെടുത്താനും കമ്പനിയുടെ സിഇഓ പാറ്റ് ഗെല്‍സിങ്ഗര്‍ മറന്നില്ല. ഇതില്‍ ഡീപ് ലേണിങ്, ലാര്‍ജ്-സ്‌കെയില്‍ ജനറേറ്റിവ് എഐ മോഡലുകളും ഉള്‍പ്പെടുത്തുന്നു എന്നാണ് പാറ്റ് പറഞ്ഞത്. ചുരുക്കിപ്പറഞ്ഞാല്‍ അടുത്ത തലമുറ എഐ പ്രോസസിങ് കരുത്തിലേക്ക് മാറുകയാണ് ലോകം.