തൃശൂര്‍: കേരളവും ഇടതുപക്ഷവുമാണ് ഫാഷിസത്തിന്റെ എതിര്‍ചേരിയെന്ന് മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ടീസ്റ്റ സെതല്‍വാദ്. കേരള മഹിളാസംഘം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഗൗരി ലങ്കേഷ് നഗറില്‍ സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. മോദി സര്‍ക്കാര്‍ പാഠപുസ്തകങ്ങളില്‍ നിന്ന് ഡാര്‍വിനെയും ഗാന്ധിജിയെയും മൗലാന ആസാദിനെയും ഗുജറാത്ത് കലാപത്തെയും ഒഴിവാക്കിയപ്പോള്‍ കേരള സര്‍ക്കാര്‍ യഥാര്‍ത്ഥ ചരിത്രത്തെ സമൂഹത്തിലേക്കെത്തിക്കുകയായിരുന്നു. ബി.ജെ.പി സര്‍ക്കാര്‍ ഗാന്ധിജിയെ കുറിച്ച് പറയുന്നുണ്ടെങ്കിലും അദ്ദേഹം ആരായിരുന്നുവെന്നോ എന്തിന് കൊല്ലപ്പെട്ടുവെന്നോ അവര്‍ വ്യക്തമാക്കുന്നില്ല. നാം കടന്നുപോകുന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയാണ്. സബര്‍മതി ജയിലില്‍ തന്നെ കാണാനെത്തിയ മഹിള ഫെഡറേഷന്‍ നേതാവ് ആനി രാജയെയും രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്നും പിന്തുണയറിച്ച് എത്തിയ 2700 ഓളം കത്തുകളും നന്ദിയോടെ ഓര്‍ക്കുന്നുവെന്നും അവര്‍ പറഞ്ഞു.
ഫാസിസ്റ്റ് അതോറിറ്റിയായി മാറിയ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് തങ്ങള്‍ക്കെതിരെ ശബ്ദിക്കുന്നവരെ ദ്രോഹിക്കുകയാണ്. കേന്ദ്ര ഭരണകൂടം ജനങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ജനാധിപത്യം സംരക്ഷിക്കാന്‍ ബാധ്യതയുള്ള കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ജനാധിപത്യ വിരുദ്ധമായ നടപടികളാണുണ്ടാവുന്നത്. ഈ സാഹചര്യത്തില്‍ ഫാസിസത്തിനെതിരെയുള്ള പോരാട്ടം നാം ശക്തമാക്കണമെന്നും ടീസ്ത സെതല്‍വാദ് പറഞ്ഞു. മതന്യൂനപക്ഷങ്ങള്‍, സാധാരണക്കാര്‍, തൊഴിലാളികള്‍, കര്‍ഷകര്‍ തുടങ്ങിയ സമൂഹത്തിന്റെ എല്ലാ മേഖലയെയും ഫാസിസ്റ്റ് ഭരണകൂടം ലക്ഷ്യമിടുകയാണ്. മണിപ്പൂരിലടക്കം നടന്നുക്കൊണ്ടിരിക്കുന്ന സംഭവങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്ന സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ ജനങ്ങളുടെപണമുപയോഗിച്ച് രാജ്യാന്തര സമ്മേളനം ആഘോഷിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി.