തെലങ്കാന : തെലങ്കാനയിൽ സ്കൂളുകൾ തുറക്കാനുള്ള തീരുമാനത്തിന് ഹൈക്കോടതിയുടെ സ്റ്റേ. സെപ്തംബർ 1 മുതൽ സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാനായിരുന്നു തെലങ്കാന സർക്കാരിന്റെ തീരുമാനം. എന്നാൽ ഇപ്പോൾ സ്കൂളുകൾ തുറക്കേണ്ടതിന്റെ ആവശ്യകതയില്ലെന്ന് ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ച് നിരീക്ഷിച്ചു.
ഓഗസ്റ്റ് 25 നാണ് എൽകെജി മുതൽ പ്ലസ് ടു വരെയുള്ള എല്ലാ ക്ലാസുകൾ വിവിധ ഘട്ടങ്ങളിലായി തുറക്കാൻ സംസ്ഥാന സർക്കാർ നിർദ്ദേശം നൽകിയത്. 2020 മാർച്ചിൽ ലോക്ക്ഡൗണിനെ തുടർന്നാണ് സംസ്ഥാനത്തെ സ്കൂളുകൾ അടച്ചത്. ഒന്നര വർഷം അടച്ചിട്ടതിനു ശേഷം അടുത്ത മാസം ഒന്നാം തീയതി മുതൽ ക്ലാസുകൾ തുറക്കാനായിരുന്നു നിർദ്ദേശം. ഈ നിർദ്ദേശത്തെയാണ് ഹൈക്കോടതി റദ്ദാക്കിയത്.
വിഷയത്തിൽ ഒക്ടോബർ നാലിനു മുമ്പ് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോട് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ക്ലാസുകളിൽ എത്തണമെന്ന് ഒരു വിദ്യാർത്ഥിയെയും നിർബന്ധിക്കാൻ പാടില്ലെന്നും കോടതി പറഞ്ഞു. ഓഫ്‌ലൈൻ ക്ലാസുകൾ നടത്താത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാൻ പാടില്ല. ഓൺലൈൻ ക്ലാസുകൾ തുടരണോ ഓഫ്‌ലൈൻ ക്ലാസുകൾ തുടങ്ങണോ എന്നത് സ്ഥാപനങ്ങളുടെ താൽപര്യമാണ് എന്നും കോടതി പറഞ്ഞു.