പത്തനംതിട്ട : മണ്ഡല കാലത്തെ വരവേല്‍ക്കാനൊരുങ്ങി ക്ഷേത്രങ്ങള്‍. മണ്ഡലകാലാരംഭം മുതൽ മകരവിളക്കുവരെയും മണ്ഡലപൂജാ ദിവസമായ നാൽപ്പത്തിയൊന്നുവരെയുമാണ് ക്ഷേത്രങ്ങളിൽ ശരണംവിളിയും ചിറപ്പുത്സവവും ഭജനയും അന്നദാനവുമൊക്കെ നടക്കുന്നത്. പന്തളം മണികണ്ഠനാൽത്തറ ക്ഷേത്രത്തിൽ 17 മുതൽ ജനുവരി 12 വരെ അയ്യപ്പ സേവാസംഘം നടത്തുന്ന അന്നദാനം, വൈകിട്ട് ശരണംവിളി, ജനുവരി ഒന്നുമുതൽ രാത്രി വിവിധ കലാപരിപാടികൾ എന്നിവ നടക്കും. 17-ന് ഉച്ചയ്ക്ക് 12 മണിക്ക് അന്നദാനം ഉദ്ഘാടനം ചെയ്യും. പന്തളം പാലസ് വെൽഫയർ സൊസൈറ്റി വക രാജരാജശേഖര മണ്ഡപം 21-ന് തുറക്കും. ജനുവരി ഒന്നുമുതൽ 10 വരെ വൈകിട്ട് ലഘുഭക്ഷണ വിതരണമുണ്ടാകും. പന്തളം രാജാവ് രാജരാജശേഖരന് അയ്യപ്പനെ പമ്പാതീരത്തുനിന്നും ലഭിക്കുന്ന മുഹൂർത്തത്തിന്റെ ശിലാപ്രതിമയും അയ്യപ്പന്റെ ജനനംമുതൽ അവതാരോദ്ദേശ്യത്തിനുശേഷം ശബരിമല വിഗ്രഹത്തിൽ വിലയംപ്രാപിച്ച മുഹൂർത്തംവരെയുള്ള കഥയും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.
പന്തളം മുട്ടാർ അയ്യപ്പക്ഷേത്രത്തിൽ ഉത്സവം 17-ന് തുടങ്ങി ഡിസംബർ 27-ന് മണ്ഡലവിളക്കോടെ സമാപിക്കും. എല്ലാ ദിവസവും രാവിലെ എട്ടുമുതൽ ഭാഗവത പാരായണം, ഒന്നിന് അന്നദാനം, 6.15-ന് ഭജന, ദീപാരാധന, ശരണംവിളി. ഡിസംബർ 27-ന് രാവിലെ ആറുമുതൽ അഖണ്ഡനാമജപ യജ്ഞം, ഒന്നിന് സമൂഹസദ്യ, ആറിന് തങ്കയങ്കി ഘോഷയാത്ര ക്ഷേത്രത്തിൽനിന്നാരംഭിച്ച് വലിയകോയിക്കൽ ക്ഷേത്രം വഴി കുറുന്തോട്ടയം കവല ചുറ്റി തിരിച്ചെത്തും. തുടർന്ന് തങ്കയങ്കി ചാർത്തി നടക്കുന്ന ദീപാരാധനയോടെ ചിറപ്പുത്സവം സമാപിക്കും. തുമ്പമൺ മുട്ടം മലയിരിക്കുന്ന് മലങ്കാവ് ധർമശാസ്താക്ഷേത്രത്തിൽ 17 മുതൽ ഡിസംബർ 27 വരെ ചിറപ്പുത്സവം നടക്കും. എല്ലാദിവസവും രാവിലെ ഗണപതിഹോമം, ഭാഗവത പാരായണം, വൈകീട്ട് നിറമാല വിളക്ക്, ശരണം വിളി, ഭജന എന്നിവയുണ്ടാകും. പനങ്ങാട് പുലിക്കുന്നിൽ ധർമശാസ്താ ക്ഷേത്രത്തിലെ ചിറപ്പുത്സവം 17 മുതൽ ജനുവരി 15 വരെ നടക്കും. വിശേഷാൽ പൂജകളും രാത്രി ശരണംവിളിയുമുണ്ടാകും. മണ്ഡലപൂജവരെ പുലിക്കുന്നിലും ബാക്കിദിവസങ്ങളിൽ ദേവീക്ഷേത്രത്തിലുമാണ് ചിറപ്പുത്സവം.