ക്യാൻസർ എന്ന പദം ഏറെ ഭയത്തോടെയാണ് ആളുകൾ ഇന്ന് കേൾക്കുന്നത്. കാരണം ക്യാൻസർ ഒരു നിശ്ശബ്ദ കൊലയാളിയാണ് എന്നതുകൊണ്ടുതന്നെയാണ്. എന്നാൽ നേരത്തെ തിരിച്ചറിഞ്ഞാല്‍ ഒരു പരിധി വരെ നമ്മുക്ക് രോഗത്തെ നിയന്ത്രിക്കാം. നമ്മുടെ ശരീരം നൽകുന്ന ചെറിയ സൂചനകളെ പോലും അവഗണിക്കരുത്. അത്തരത്തില്‍ ഒരിക്കലും അവഗണിക്കാൻ പാടില്ലാത്ത ക്യാൻസറിന്‍റെ ചില പൊതുവായ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
ഒന്ന്
പെട്ടെന്ന് ശരീരഭാരം കുറയുന്നത് ചിലപ്പോള്‍ ഏതെങ്കിലും ക്യാന്‍സറുമായി ബന്ധപ്പെട്ടതാകാം. ക്യാൻസർ കോശങ്ങൾക്ക് ശരീരത്തിന്‍റെ മെറ്റബോളിസത്തിൽ മാറ്റം വരുത്താൻ കഴിയും. ഇതുമൂലം നിങ്ങളുടെ ഭക്ഷണക്രമത്തിലോ വ്യായാമ മുറയിലോ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പോലും ശരീരഭാരം കുറയാം. അത്തരത്തില്‍ അകാരണമായി ശരീരഭാരം കുറയുന്നത് ശ്രദ്ധയിൽപ്പെട്ടാൽ, ഒരു ഡോക്ടറെ കാണുക.
രണ്ട്
ഒരു കാരണവുമില്ലാതെ അമിതമായ ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുന്നതും ചില ക്യാന്‍സറുകളുടെ ലക്ഷണമായി കാണപ്പെടാറുണ്ട്. എന്നാല്‍ എല്ലാ ക്ഷീണവും ക്യാന്‍സറിന്‍റേതല്ല. പല രോഗങ്ങളുടെയും പൊതുവായ ലക്ഷണമായി ക്ഷീണം ഉണ്ടാകാം. ക്യാൻസറുമായി ബന്ധപ്പെട്ട ക്ഷീണം പലപ്പോഴും വിശ്രമം കൊണ്ട് മാറ്റാന്‍ കഴിയില്ല.
മൂന്ന്
ചില തരം ക്യാൻസറുകൾക്ക് ശരീരവേദനയും ആദ്യകാല ലക്ഷണമായി പ്രകടമാകാറുണ്ട്. അതിനാല്‍ ശരീരവേദനയും നിസാരമാക്കേണ്ട.
നാല്
ചർമ്മത്തിലെ ചെറിയ മാറ്റങ്ങള്‍ പോലും ശ്രദ്ധിക്കാതെ പോകരുത്. ചർമ്മത്തിൽ ഏതെങ്കിലും മറുക് വലുതാവുകയോ രക്തം വരുകയോ ചെയ്യുന്നുണ്ടെങ്കിൽ നിസാരമാക്കേണ്ട. മറുകുകളുടെ ആകൃതി, നിറം എന്നിവ പോലുള്ള ചർമ്മത്തിലെ മാറ്റങ്ങളും ശ്രദ്ധിക്കണം.