കോഴഞ്ചേരി : നീർവിളാകം – പുത്തൻകാവ് – കിടങ്ങന്നൂർ പൊതുമരാമത്ത് റോഡിന്റെ നീർവിളാകം ഭാഗം ഉന്നത നിലവാരത്തിൽ പുനരുദ്ധാരണം നടത്തുന്നതിന് പുതിയ ടെൻഡർ നടപടിയായി. നീർവിളാകം കുന്നേൽപ്പടി മുതൽ കുറിച്ചിമുട്ടം കാണിക്കവഞ്ചി വരെയുള്ള 1425 മീറ്റർ ഭാഗത്താണ് ബി.എം ആൻഡ് ബിസി നിലവാരത്തിൽ പുനർ നിർമ്മാണം നടത്തുന്നത്. റോഡിന്റെ ശോച്യാവസ്ഥയിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് നാട്ടുകാർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തുക അനുവദിച്ച് നാലു വർഷമായിട്ടും സാങ്കേതിക കാരണങ്ങളാൽ റോഡ് നിർമ്മാണം നീണ്ടു പോയതിനെ തുടർന്ന് അടുത്തിടെ എൻ.എസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിലാണ് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രക്ഷോഭം തുടങ്ങിയത്.
കരാർ എടുത്തയാൾ എഗ്രിമെന്റ് വെച്ചശേഷം പണികൾ തുടങ്ങാതിരിക്കുകയും പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കുമാണ് നിർമ്മാണം തുടങ്ങാൻ കാലതാമസം എടുത്തത്. ബന്ധപ്പെട്ട മന്ത്രിമാരടക്കമുള്ളവർക്ക് നാട്ടുകാർ ഒട്ടേറെ തവണ പരാതികൾ നൽകിയെങ്കിലും നിലവിലെ കരാറുകാരനെ നീക്കി പുതിയ ടെൻഡർ നടപടികൾ കൈക്കൊണ്ടിരുന്നില്ല. ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നാട്ടുകാർ സംഘടിച്ച് കഴിഞ്ഞ ആഴ്ച പത്തനംതിട്ട പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യുട്ടിവ് എൻജിനീയറുടെ ഓഫീസിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് ഉദ്യോഗസ്ഥരുടെ അലംഭാവം ചൂണ്ടിക്കാട്ടി ആക്ഷൻ കൗൺസിൽ ഭാരവാഹികൾ കത്ത് നൽകിയിരുന്നു. തുടർന്ന് മന്ത്രിയുടെ ഓഫീസ് ഇടപെട്ട് പഴയ കരാർ റദ്ദാക്കി പുതിയ എസ്റ്റിമേറ്റ് തയാറാക്കി സാങ്കേതിക അനുമതി ലഭ്യമാക്കി കഴിഞ്ഞ ദിവസം പുതിയ ടെൻഡർ ക്ഷണിക്കുകയായിരുന്നു. ഓഗസ്റ്റ് 24 വരെയാണ് ടെൻഡറുകൾ സ്വീകരിക്കുന്നത്. 1,43,68,550 രൂപയുടേതാണ് പുതുക്കിയ എസ്റ്റിമേറ്റ്.