രക്തത്തില്‍ മാത്രമല്ല പാരമ്പര്യമായും കല ജീവിതത്തില്‍ അലിഞ്ഞു ചേര്‍ന്ന താരമാണ് സുഹാസിനി മണിരത്നം. തമിഴ് ചലച്ചിത്രതാരം ചാരുഹാസന്റെ മകള്‍ കൂടിയായ സുഹാസിനി. തന്റെ മേഖലയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ്. 1983ല്‍ കൂടെവിടെ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ സുഹാസിനി ഹാസൻ അരങ്ങേറുമ്പോള്‍ തമിഴിലും തെലുങ്കിലും കഴിവ് തെളിയിച്ച നടിയും സഹഛായാഗ്രാഹകയുമായിരുന്നു താരം. അഭിനേത്രി എന്നതിലുപരി എഴുത്തുകാരി, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നിങ്ങനെ വിവിധ മേഖലകളില്‍ താരം തിളങ്ങിയിട്ടുണ്ട്. തിരുടാ തിരുടാ, ഇരുവര്‍, രാവണന്‍ എന്നീ സിനിമകളിലും കോ റൈറ്ററായിരുന്നു സുഹാസിനി.
ഇപ്പോഴിതാ ഇരുവർ എന്ന സിനിമയില്‍ മോഹൻലാല്‍-പ്രകാശ് രാജുമായുള്ള ടെറസ് സീൻ തന്റെ ജീവിതത്തിലുണ്ടായ ഒരു യഥാർത്ഥ അനുഭവമാണെന്ന് സുഹാസിനി മണിരത്നം പറയുകയാണ്. ഇരുവറിലെ ആനന്ദൻ എന്ന കഥാപാത്രം ടെറസില്‍ നില്‍ക്കുന്നത് കണ്ട് ആള്‍ക്കൂട്ടം ആർത്ത് വിളിക്കുന്ന സീൻ ചിരഞ്ജീവിയുടെ ജീവിതത്തില്‍ നടന്ന ഒരു സന്ദർഭത്തെ ആസ്പദമാക്കി താൻ സിനിമയില്‍ ചേർക്കാൻ ആവശ്യപ്പെട്ടതാണെന്നാണ് സുഹാസിനി പറയുന്നത്. ‘‘ഇരുവറില്‍ പലരുടെയും കോണ്‍ട്രിബ്യൂഷനുണ്ട്. ഒരാള്‍ എഴുതിയതല്ല അത്. പല ആളുകളും അതില്‍ പങ്കുവഹിച്ചിട്ടുണ്ട്. ആർട്ടിസ്റ്റിന്റെ, വൈരമുത്തുവിന്റെ, ഏആർ റഹ്മാന്റെ, മണിസാറിന്റെ, എന്റെ തുടങ്ങി ഒരുപാട് പേരുടെ കോണ്‍ട്രിബ്യൂഷൻ ആണ് അത്. അതിലെ നിഴല്‍കള്‍ രവിയുടെ കഥാപാത്രത്തെപ്പോലെയുള്ളവരെ എനിക്ക് അറിയാം, ഞാൻ കണ്ടിട്ടുണ്ട് ഈ അഭിനേതാക്കളുടെ കൂടെയൊക്കെ വരുന്നവരെ. ഒറ്റ നോട്ടത്തില്‍ അവരെ നമുക്ക് സംരക്ഷകരായി തോന്നും എന്നാല്‍ അവരായിരിക്കും വേട്ടക്കാർ. അതൊക്കെ ഞാൻ കണ്ടിട്ടുണ്ട്. അതെല്ലാം എന്റെ എക്സ്പീരിയൻസാണ്.
മോഹൻലാല്‍ എനിക്ക് പൊളിറ്റിക്സ് വേണ്ടെന്ന് പറയുമ്പോള്‍ പ്രകാശ് രാജ് അദ്ദേഹത്തെ ടെറസിലേക്ക് കൂട്ടിക്കൊണ്ടു പോയി അവിടെ എല്ലാവരും അയാളെ കാത്തു നില്‍ക്കുന്നത് കാണിക്കുന്നൊരു സീനുണ്ട്. അത് ഞാൻ എന്റെ യഥാർത്ഥ ജീവിതത്തില്‍ കണ്ട സന്ദർഭമാണ്. എനിക്കും ചിരഞ്ജീവിക്കും യഥാർത്ഥ ജീവിതത്തില്‍ നടന്ന ഒരു കാര്യമാണ്.
ഞാൻ എന്തോ സംസാരിക്കുമ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു ഞാൻ വലിയ ഒരു സ്റ്റാറാണ്. ഇങ്ങനെ സംസാരിക്കരുത്, കുറച്ച് ബഹുമാനം തരണം എനിക്കെന്ന്. നിങ്ങള്‍ സ്റ്റാറാല്ല? എന്റെ സഹതാരം മാത്രമാണെന്ന് ഞാൻ മറുപടി പറഞ്ഞപ്പോള്‍ അദ്ദേഹം എന്നെ ടെറസിലേക്ക് കൂട്ടിക്കൊണ്ടു പോയി, തിരുപ്പതിയില്‍ അന്ന് 100 ദിവസത്തെ ഫങ്കഷൻ നടക്കുകയാണ്. ആ ദേശത്തെ എല്ലാവരും അന്ന് അദ്ദേഹത്തെ കാണാൻ വേണ്ടി ടെറസിലുണ്ടായിരുന്നു. അപ്പോഴാണ് ഞാൻ ഈ സ്റ്റാർ പവർ എന്താണെന്ന് കാണുന്നത്. തീർച്ചയായിട്ടും ഇതൊരു സിനിമയില്‍ കൊണ്ടു വരണമെന്ന് ഞാൻ ആഗ്രഹിച്ചു. കൃത്യമായി ഇരുവർ എന്ന ചിത്രം സംഭവിച്ചപ്പോള്‍ മണി സാറിനോട് ഞാൻ ഈ കാര്യത്തെക്കുറിച്ച് പറഞ്ഞു. അത് വേണമെന്ന് പറഞ്ഞു. അങ്ങനെയാണ് അദ്ദേഹം അത് ആ സിനിമയില്‍ ചേർക്കുന്നത്…’’ സുഹാസിനി പറയുന്നു