തിരുവനന്തപുരം : തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം ആവശ്യപ്പെട്ട് പ്രമുഖ മലയാളി പ്രവാസി വ്യവസായിക്ക് തീവ്രവാദികളുടെ ഭീഷണിക്കത്ത്. കോടികള്‍ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു തീവ്രവാദികളുടെ ഭീഷണിക്കത്ത്. കത്തിന് പുറമെ വ്യവസായിയുടെ വെബ്സൈറ്റും ഹാക്ക് ചെയ്തിട്ടുണ്ട്. ഒരു ഉത്തരേന്ത്യന്‍ ഗ്രാമത്തിലെ തപാല്‍ ഓഫീസില്‍ നിന്നയച്ച ഭീഷണിക്കത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. സംഭവത്തിനു പിന്നില്‍ തീവ്രവാദബന്ധമുള്ള അധോലോക സാന്നിധ്യവും പോലീസ് സംശയിക്കുന്നു.
ഇന്ത്യയിലെ ദൗത്യത്തിനായി കോടികള്‍ ആവശ്യപ്പെട്ടാണ് കത്ത്. കഴിഞ്ഞ മാസത്തിനിടെ കേരളത്തിലെ പല പ്രമുഖരും തങ്ങള്‍ക്ക് രഹസ്യമായി പണം നല്‍കിയിട്ടുണ്ടെന്നും അതുപോലെ ചെയ്തില്ലെങ്കില്‍ ഭവിഷ്യത്തുണ്ടാകുമെന്നുമാണ് കത്തില്‍. വ്യവസായിയുടെ പരാതി യുഎപി എ ചുമത്തി അന്വേഷിക്കാനാണ് പോലീസ് നീക്കം. ഭീകര വിരുദ്ധ സ്ക്ക്വാഡും (എടിഎസ് ) രഹസ്യാന്വേഷണം ആരംഭിച്ചു.
കൊച്ചിയിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് കേസിലൂടെയാണ് ഉത്തരേന്ത്യന്‍ അധോലോകം കേരളത്തിലേക്കും വേരുപടര്‍ത്തിയതിന്റെ തെളിവുകള്‍ പുറത്തു വന്നത്. രവി പൂജാരി എന്ന അധോലോകത്തലവന്‍ എത്ര പേരില്‍ നിന്നും പണം തട്ടിയെടുത്തെന്ന് ഇപ്പോഴും വ്യക്തമല്ല. നിരവധി രാഷ്ട്രീയ വ്യവസായ പ്രമുഖര്‍ അധോലോകത്തിനു വഴങ്ങിയിട്ടുണ്ടാകാമെന്നാണ് സൂചന.