ലഖ്‌നൗ: പാകിസ്ഥാന്റെ ഐഎസ്‌ഐയുമായി ബന്ധമുള്ള ബബ്ബർ ഖൽസ സംഘടനയിലെ ഒരു ഭീകരനെ യുപി പോലീസ് അറസ്റ്റ് ചെയ്തു.ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെ തുടർച്ചയായി 44 ദിവസം നീണ്ടു നിന്ന മഹാകുംഭ മേളയിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടുവെന്നാരോപിച്ചാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.ബബ്ബർ ഖൽസ സംഘടനയിലെ ഭീകരൻ ലാസർ മാസിഹിയാണ് പോലീസിന്റെ കസ്റ്റഡിയിലായത്. കുംഭമേളയ്ക്കിടെ, ബബ്ബർ ഖൽസ ഭീകര സംഘടനയിലെ ലാസർ മാസിഹ് ഒരു ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നു. അയാൾ അന്താരാഷ്ട്ര ബന്ധങ്ങളുള്ള ഒരു തീവ്രവാദിയാണ്. ഉത്തർപ്രദേശിലെ കെലാമ്പി ജില്ലയിൽ നിന്നാണ് ഇന്ന് ഇയാളെ അറസ്റ്റ് ചെയ്തത്- അറസ്റ്റിനെക്കുറിച്ച് ഉത്തർപ്രദേശ് ഡിജിപി പ്രശാന്ത് കുമാർ പറഞ്ഞു.
സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സും പഞ്ചാബ് പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ പുലർച്ചെ 3:20 ന് ലാസർ മാസിഹിനെ അറസ്റ്റ് ചെയ്തു. ഈ അറസ്റ്റ് തീവ്രവാദ ഭീഷണി തുടരുന്നതിലേക്കും വിദേശ രഹസ്യാന്വേഷണ ഏജൻസികളുടെ ദുരുദ്ദേശ്യത്തിലേക്കും വെളിച്ചം വീശുന്നു. സുരക്ഷാ സേന അതീവ ജാഗ്രതയിലാണ്. ഇയാളുടെ ശൃംഖലയെക്കുറിച്ചും പദ്ധതികളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി അന്വേഷണങ്ങൾ തുടരുകയാണ്-അദ്ദേഹം പറഞ്ഞു.