ഇലക്ട്രിക്ക് കാർ വിപണിയെ അടിമുടി മാറ്റി മറിച്ച ബ്രാന്റാണ് ടെസ്ല (Tesla). ഏറ്റവും നവീനമായ സാങ്കേതികവിദ്യകളുമായി പുറത്തിറങ്ങുന്ന ടെസ്ലയുടെ കാറുകൾക്ക് ആഗോള വാഹനവിപണിയിൽ വൻ ജനപ്രിതിയാണുള്ളത്. ടെസ്ലയുടെ ഓരോ ഇലക്ട്രിക്ക് കാറുകളും അതിശയിപ്പിക്കുന്ന റേഞ്ചും പെർഫോമൻസും സവിശേഷതകളുമായിട്ടാണ് വരുന്നത്. എന്നാലിപ്പോൾ വാർത്തകളിൽ നിറയുന്നത് കമ്പനിയുടെ ഒരു ഫാക്ടറിയാണ്. അതിവേഗം കാറുകൾ നിർമ്മിക്കാൻ ശേഷിയുള്ള ചൈനയിലെ ഷാങ്ഹായിലുള്ള ടെസ്ല ഫാക്ടറിയാണ് അതിവേഗം കാറുകൾ നിർമ്മിക്കുന്നത്. ടെസ്ലയുടെ ഷാങ്ഹായിലുള്ള ഗിഗാഫാക്ടറി ഓരോ 40 സെക്കന്റിലും ഒരു ടെസ്ല കാർ പുറത്തിറക്കാൻ ശേഷിയുള്ളതാണ്. ടെസ്ല മോഡൽ 3, ടെസ്ല വൈ കാർ എന്നിവയാണ് ഈ ഫാക്ടറിയിൽ നിർമ്മിക്കുന്നത്. ഏഷ്യൻ വിപണികളിലേക്കായി കാറുകൾ നിർമ്മിക്കുന്ന ഫാക്ടറിയാണിത്. സമാനമായൊരു ഗിഗാഫാക്ടറി അമേരിക്കയിലെ നെവാഡയിലും ഉണ്ട്. ഈ ഫാക്ടറിയിൽ കമ്പനി ബാറ്ററി സെല്ലുകളും പാക്കുകളും അതിവേഗം നിർമ്മിക്കുന്നു. കമ്പനിയുടെ ഏറ്റവും പുതിയ ജിഗാഫാക്‌ടറി, ജർമ്മനിയിലെ ബെർലിനിലും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
അമേരിക്കൻ ഇലക്ട്രിക് കാർ കമ്പനിയുടെ പ്രധാന നിർമ്മാണ സൗകര്യങ്ങളിൽ ഒന്നാണ് ഷാങ്ഹായിലെ ഗിഗാഫാക്‌ടറി. കമ്പനി പുറത്ത് വിട്ട ട്വിറ്റർ വീഡിയോയിൽ ഈ ഫാക്ടറിയിൽ ഓരോ 40 സെക്കൻഡിലും ഒരു പുതിയ മോഡൽ 3, മോഡൽ വൈ കാർ നിർമ്മിക്കുന്നത് കാണിക്കുന്നുണ്ട്. ഉൽപ്പാദന കേന്ദ്രത്തിലെ ടെസ്‌ലയുടെ വലിയ തോതിലുള്ളതും ഫലപ്രദവുമായ നിർമ്മാണ പ്രക്രിയ ഈ വീഡിയോയിൽ വ്യക്തമായി കാണാം. ഏഷ്യൻ വിപണികൾക്കൊപ്പം വടക്കേ അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലേക്കുമുള്ള ടെസ്ല വാഹനങ്ങൾ ഈ ഫാക്ടറിയിൽ നിർമ്മിക്കുന്നു. ടെസ്ലയുടെ ഷാങ്ഹായ്‌യിലുള്ള ഗിഗാഫാക്‌ടറിയിൽ ഓരോ 40 സെക്കൻഡിലും ഒരു കാർ ഉൽപ്പാദിപ്പിക്കാൻ തുടങ്ങിയതോടെ നേരത്തെ ഏറ്റവും വേഗത്തിൽ കാറുകൾ നിർമ്മിച്ചിരുന്ന ഫോർഡിനെ പോലും ടെസ്ല പിന്നിലാക്കിയിരിക്കുകയാണ്. ഫോർഡിന്റെ മിഷിഗണിലെ ഡിയർബോൺ ട്രക്ക് പ്ലാന്റിന് ഓരോ 49 സെക്കൻഡിലും ഒരു എഫ്-150 പിക്കപ്പ് ട്രക്ക് പുറത്തിറക്കാൻ കഴിയുമെന്ന് ഫോർഡ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഫോർഡിന്റെ ഈ നിർമ്മാണ വേഗതയെയൊണ് ടെസ്ല പിന്നിലാക്കിയിരിക്കുന്നത്.
അമേരിക്കയ്ക്ക് പുറത്തുള്ള ടെസ്ലയുടെ ആദ്യത്തെ ഗിഗാഫാക്‌ടറിയാണ് ഷാങ്ഹായ് ഗിഗാഫാക്ടറി. ഈ ഫാക്ടറിയിൽ വാഹന നിർമ്മാണം കാര്യക്ഷമമാക്കാൻ ഒരു സ്റ്റേഷനിൽ ഒന്നിലധികം റോബോട്ടിക് ആംസ് ഉപയോഗിക്കുന്നുണ്ട്. ഈ വീഡിയോയിലൂടെ ഷാങ്ഹായിലെ ഗിഗാഫാക്ടറിയിലെ പ്രൊഡക്ഷൻ ലൈനുകൾ എങ്ങനെയാണ് ഡബിൾ സ്റ്റാക്ക്ഡ് വർക്ക്ഷോപ്പുകൾ ഉപയോഗിച്ച് കാര്യക്ഷമമായി ക്രമീകരിച്ചിരിക്കുന്നതെന്ന് പുറത്ത് വന്ന വീഡിയോയിൽ ഒരു തൊഴിലാളി വിശദീകരിക്കുന്നുമുണ്ട്. നിലവിൽ ടെസ്ലയുടെ ഏറ്റവും ജനപ്രിയവും വില കുറഞ്ഞതുമായ രണ്ട് മോഡലുകളായ മോഡൽ 3, മോഡൽ Y എന്നിവ മാത്രമാണ് ചൈനയിലെ ഗിഗാഫാക്‌ടറിയിൽ നിർമ്മിക്കുന്നത്. ടെസ്‌ല സിഇഒ ഇലോൺ മസ്‌ക് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉൽപ്പാദനം വർധിപ്പിക്കുന്നതിൽ ശ്രദ്ധ കൊടുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് ഓരോ 40 സെക്കൻഡിലും ഒരു കാർ പുറത്തിറക്കുന്നത്. ചൈനയിലെ ഫാക്ടറി നിരവധി മാസങ്ങളായി പരമാവധി ശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ടെസ്ല വ്യക്തമാക്കിയിരുന്നു.