രാജ്യാന്തര തലത്തിൽ ഇലക്ട്രിക് കാർ നിർമ്മാണ രംഗത്തെ വമ്പന്മാരായ ടെസ്ല ഇന്ത്യയിലും എത്തുന്നു. ഫാക്ടറി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ടെസ്ല ഉദ്യോഗസ്ഥ സംഘം ഇന്ത്യൻ സർക്കാരുമായി സജീവ ചർച്ച നടത്തുകയാണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഹ്യുണ്ടായി കോനയും ടാറ്റ നെക്സോൺ ഇവി മാക്സും എംജി ZS ഇവിയുമൊക്കെ നിരത്തുവാഴുന്ന ഇന്ത്യയിലേക്ക് ഇലക്ട്രിക് കാർ നിർമ്മാണ രംഗത്തെ വമ്പന്മാരായ ടെസ്ല എത്തുന്നെന്ന വാർത്ത വാഹനപ്രേമികളിൽ വൻ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. വാഹന വിപണിക്ക് മാത്രമല്ല, രാജ്യത്തെ വ്യവസായ മേഖലയ്ക്കും ടെസ്ലയുടെ വരവ് ഏറെ കരുത്തേകും. പ്രതിവർഷം 500,000 ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാൻ ശേഷിയുള്ള ഒരു വമ്പൻ ഫാക്‌ടറി ഇന്ത്യയിൽ സ്ഥാപിക്കാനാണ് ടെസ്‌ല ലക്ഷ്യമിടുന്നത്. ഇന്തോ-പസഫിക് മേഖലയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് ടെസ്ല. ഇന്ത്യയിൽ ടെസ്ല ഫാക്ടറി നിർമ്മിക്കുന്നതിലൂടെ ഇന്ത്യയിൽ സ്വാധീനം ഉറപ്പിക്കാം എന്നതിനൊപ്പം, ഇന്തോ-പസഫിക് രാജ്യങ്ങളിലേക്കുള്ള ടെസ്ല കാറുകളുടെ കയറ്റുമതി കേന്ദ്രമായും ഇന്ത്യയെ മാറ്റാൻ കമ്പനി ഉദ്ദേശിക്കുന്നു.
ഏതാണ്ട് 20 ലക്ഷം രൂപ മുതലുള്ള വിലയിലാകും ടെസ്ലയുടെ കാറുകൾ ഇന്ത്യയിൽ അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ടെസ്ലയുടെ വരവോടെ നിലവിലുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് വൻ വെല്ലുവിളിയാകും നേരിടേണ്ടിവരിക. ഇന്ത്യയിൽ ടെസ്ല ഫാക്ടറി ആരംഭിക്കാൻ ഇലോൺ മസ്ക് നേരത്തെ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ഉയർന്ന ഇറക്കുമതി നികുതി സംബന്ധിച്ച തർക്കങ്ങൾ മൂലം പിന്നീട് പിന്മാറി. കഴിഞ്ഞ മാസം അമേരിക്കൻ സന്ദർശനത്തിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മസ്കുമായി കൂടിക്കാഴ്ച നടത്തുകയും ഇന്ത്യയിൽ നിക്ഷേപം നടത്താൻ ക്ഷണിക്കുകയും ചെയ്തു. മോദിയുടെ ക്ഷണത്തോട് അനുഭാവപൂർവമായ പ്രതികരണമാണ് മസ്ക് നടത്തിയത്. താൻ വലിയൊരു മോദി ആരാധകൻ ആണെന്നും വികസനത്തിൽ മോദി പുലർത്തുന്ന ശ്രദ്ധ പ്രശംസനീയമാണ് എന്നും കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മസ്ക് പ്രതികരിച്ചിരുന്നു. അന്ന് നടന്ന ചർച്ചകളുടെ തുടർച്ചയായി, ഇന്ത്യയിൽ ടെസ്ല ഫാക്ടറി സ്ഥാപിക്കാനുള്ള നടപടികളുമായി മസ്കും സംഘവും മുന്നോട്ട് പോകുകയാണെന്നാണ് പുറത്തുവന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ലോകത്തെ മറ്റേതൊരു രാജ്യവും നൽകുന്നതിനെക്കാൾ വലിയ വാഗ്ദാനങ്ങൾ ഇന്ത്യ മുന്നോട്ട് വെച്ചിട്ടുണ്ട് എന്ന് മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മസ്ക് അറിയിച്ചിരുന്നു. ഇപ്പോൾ നടക്കുന്ന ചർച്ചകളിൽ, സർക്കാർ ഭാഗത്തുനിന്ന് തങ്ങൾക്ക് എന്തൊക്കെ ആനുകൂല്യങ്ങളാണ് ലഭ്യമാകുക എന്നതടക്കമുള്ള വിവരങ്ങൾ ടെസ്ല തേടിയിട്ടുണ്ട്. അതേസമയം ഇന്ത്യയിൽ നിലവിലുള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി മുന്നോട്ടു പോകാനാണ് സർക്കാർ ടെസ്ലയോട് നേരത്തെ നിർദേശിച്ചിരുന്നത്. എന്നാൽ കമ്പനി അതിന് തയ്യാറല്ല.
പരിചയ സമ്പന്നരായ ഇന്ത്യൻ കമ്പനികളുടെ സൗകര്യങ്ങൾ ചൂണ്ടിക്കാട്ടി അവരുമായി സഹകരിക്കാൻ സർക്കാർ നിർദേശിച്ചെങ്കിലും “എല്ലാ ഇൻ-ഹൗസ്” ആയിരിക്കണമെന്ന തങ്ങളുടെ നയം ഉപേക്ഷിക്കാൻ തയ്യാറല്ലെന്നാണ് ടെസ്ലയുടെ നിലപാട്. നിലവിലെ അതേരീതിയിൽ മുന്നോട്ട് പോയാൽ മാത്രമേ തങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ സാധിക്കൂ എന്ന് കമ്പനി വ്യക്തമാക്കി. നിലവിൽ ടെസ്ലയുടെ ഏറ്റവും വലിയ പ്ലാന്റ് ചൈനയിലാണ് പ്രവർത്തിക്കുന്നത്. 750,000 യൂണിറ്റുകളുടെ വാർഷിക ഉൽപ്പാദന ശേഷി ഈ പ്ലാന്റിന് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എങ്കിലും മറ്റ് വൻകിട യുഎസ് കമ്പനികളെ പോലെ തന്നെ ടെസ്ലയും ചൈനയിൽനിന്ന് തങ്ങളുടെ പ്ലാന്റുകൾ മറ്റ് രാജ്യങ്ങളിലേക്ക് മാറ്റുന്നത് പരിഗണിക്കുന്നുണ്ട്. ചൈനയും അമേരിക്കയും തമ്മിൽ നിലനിൽക്കുന്ന അസ്വാരസ്യങ്ങൾ തങ്ങളുടെ ഉത്പാദനത്തെ ബാധിക്കുമോ എന്ന് അമേരിക്കൻ കമ്പനികൾ ഭയക്കുന്നു. ആപ്പിൾ തങ്ങളുടെ ഐഫോൺ ഉത്പാദനം ചൈനയ്ക്ക് പുറത്തേക്ക് വ്യാപിപ്പിക്കാൻ ശ്രമിക്കുന്നതായും ഇന്ത്യക്കാണ് പ്രഥമ പരിഗണന നൽകുന്നത് എന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഏതാണ്ട് അതേ പാതയിൽത്തന്നെയാണ് ഇപ്പോൾ ടെസ്ലയും മുന്നോട്ട് പോകുന്നത്.