ക്വെറ്റ: പാകിസ്താൻ സൈന്യത്തിനെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടുവെന്ന് അവകാശപ്പെട്ട് ബലോച് ലിബറേഷൻ ആർമി (ബിഎൽഎ). പാക് സൈനിക, രഹസ്യാന്വേഷണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ബലൂചിസ്ഥാനിലെ 51 സ്ഥലങ്ങളിൽ 71 ഏകോപിത ആക്രമണങ്ങൾ നടത്തിയതായി ബിഎൽഎ അവകാശപ്പെട്ടു. ആക്രമണങ്ങളുടെ ലക്ഷ്യം ശത്രുവിനെ നശിപ്പിക്കുക എന്നത് മാത്രമല്ല ഭാവിയിലെ സംഘടിത യുദ്ധത്തിനുള്ള തയ്യാറെടുപ്പ് ശക്തിപ്പെടുത്തുന്നതിനായി ഏകോപനം, ഗ്രൗണ്ട് കണ്‍ട്രോള്‍, പ്രതിരോധ നിലപാടുകൾ എന്നിവ പരീക്ഷിക്കുക എന്നതുകൂടിയായിരുന്നുവെന്ന് ബിഎൽഎ പ്രസ്താവനയിൽ വ്യക്തമാക്കി. ലഷ്‌കറെ തോയ്ബ, ജെയ്‌ഷെ മുഹമ്മദ്, ഐഎസ്‌ഐഎസ്, തുടങ്ങിയ ഭീകര സംഘടനകളുടെ ബ്രീഡിങ് ഗ്രൗണ്ടാണ് പാകിസ്താനെന്നും ബിഎൽഎ ആരോപിക്കുന്നു.
പാകിസ്താൻ്റെ സൈനിക, രഹസ്യാന്വേഷണ സ്ഥാപനമായ ഐഎസ്‌ഐ ഭീകരതയുടെ പ്രജനന കേന്ദ്രമാണെന്നും അക്രമാസക്തമായ പ്രത്യയശാസ്ത്രമുള്ള ഒരു ആണവരാഷ്ട്രമായി പാകിസ്താൻ മാറിയെന്നും ബിഎൽഎ ആരോപിച്ചു. പാകിസ്താൻ കൈകളിൽ രക്തം പുരണ്ട രാഷ്ട്രമാണെന്നും എല്ലാ വാഗ്ദാനങ്ങളും ആ രക്തത്തിൽ മുങ്ങിയെന്നും പ്രസ്താവനയിൽ വിമർശിക്കുന്നു. പാകിസ്താൻ പറയുന്ന സമാധാനം, വെടിനിർത്തൽ, സാഹോദര്യം തുടങ്ങിയ വാക്കുകൾ വെറും വഞ്ചനയും യുദ്ധ തന്ത്രവും മാത്രമാണെന്നും നിലവിലെ ഇന്ത്യാ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ബിഎൽഎ പറയുന്നു. സ്വതന്ത്ര ബലൂചിസ്താനായി ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ ഇടപെടൽ ബിഎൽഎ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ നിന്നും രാഷ്ട്രീയ, നയതന്ത്ര, പ്രതിരോധ പിന്തുണ ലഭിക്കുകയാണെങ്കിൽ പാകിസ്താനെ ഭൂമുഖത്തുനിന്ന് തന്നെ ഇല്ലാതാക്കി തരാമെന്നും ബിഎൽഎ പറയുന്നു.
പാകിസ്താൻ്റെ ഇപ്പോഴത്തെ ഗതി ശ്രദ്ധിക്കപ്പെട്ടില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും ബിഎൽഎ മുന്നറിയിപ്പ് നൽകി. പാകിസ്താനെ ഇനിയും സഹിക്കുകയാണെങ്കിൽ, വരും വർഷങ്ങളിൽ ഈ രാഷ്ട്രത്തിൻ്റെ നിലനിൽപ്പുതന്നെ ലോകത്തിൻ്റെ മുഴുവൻ നാശത്തിലേക്ക് നയിച്ചേക്കാം. മതഭ്രാന്തുപിടിച്ച സൈന്യത്തിന്റെ കൈവശമുള്ള ആണവായുധങ്ങളുടെ നിയന്ത്രണം മേഖലയ്ക്ക് മാത്രമല്ല, ആഗോള സുരക്ഷയ്ക്കും ഭീഷണി മുഴക്കുന്ന എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന ഒരു ടൈം ബോംബാണെന്നും ബിഎൽഎ പറഞ്ഞു.ബലൂചിസ്താനിലെ കുഴപ്പങ്ങൾക്ക് പിന്നിൽ ഇന്ത്യ ആണെന്നാണ് പാകിസ്താൻ ആരോപിക്കുന്നത്. എന്നാൽ പാക് വാദങ്ങൾ അവർ തള്ളിക്കളയുന്നു. ഏതെങ്കിലും രാജ്യത്തിന്റെ നിർദ്ദേശമനുസരിച്ചല്ല പ്രവർത്തിക്കുന്നതെന്നും ഈ മേഖലയിലെ നിലവിലുള്ളതും ഭാവിയിലുണ്ടാകാൻ പോകുന്നതുമായ സൈനികവും രാഷ്ട്രീയവുമായ നയരൂപീകരണത്തിൽ തങ്ങൾക്ക് വ്യക്തമായ സ്ഥാനമുണ്ടെന്നും ബിഎൽഎ അവകാശപ്പെട്ടു. മേഖലയിലെ ഭീകരവാദം അവസാനിപ്പിക്കാനും ആഗോള സുരക്ഷയ്ക്കും പ്രത്യേക രാഷ്ട്രം എന്ന ബലൂചികളുടെ ആവശ്യം സാധ്യമാക്കണമെന്നും ബിഎൽഎ ആവ്യപ്പെടുന്നു.