ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി പാഠപുസ്തകങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾക്കെതിരേ എൻസിഇആർടി ജനറൽ കൗൺസിൽ യോഗത്തിൽ എതിർപ്പറിയിച്ച് കേരളം. വിദ്യാഭ്യാസമേഖലയെ കാവിവത്കരിക്കാനും വർഗീയവത്കരിക്കാനുമാണ് കേന്ദ്രനീക്കമെന്ന് യോഗത്തിൽ സംസ്ഥാനത്തെ പ്രതിനിധാനംചെയ്ത മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. ഭരണഘടന മുന്നോട്ടുവെക്കുന്ന മതനിരപേക്ഷതയെന്ന വിശാലലക്ഷ്യത്തെയും നാനാത്വത്തിൽ ഏകത്വമെന്ന ആശയത്തെയും ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ അപലപിക്കപ്പെടണമെന്ന് മന്ത്രി പറഞ്ഞു. രണ്ടുവർഷമായി ആറുമുതൽ 12-ാം ക്ലാസ് വരെയുള്ള പരിഷ്‌കരിക്കാത്ത സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങളിൽ ചരിത്രം, സാമ്പത്തികശാസ്ത്രം, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ് എന്നിവയിൽനിന്ന് രാഷ്ട്രീയലക്ഷ്യത്തോടെ പാഠഭാഗങ്ങൾ നീക്കി.
ഗുജറാത്ത് കലാപം, ആർഎസ്എസ് നിരോധനം, ഗാന്ധിവധം, മുഗൾരാജവംശങ്ങൾ എന്നിവയെല്ലാം നീക്കി. ശാസ്ത്രപുസ്തകത്തിൽനിന്ന് പരിണാമസിദ്ധാന്തവും പിരിയോഡിക് ടേബിളുമുൾപ്പെടെ മാറ്റി. അക്കാദമിക് വിരുദ്ധമായ ഈ നടപടിക്കെതിരേ കേരളം ശക്തമായ നിലപാടെടുത്തു. 11, 12 ക്ലാസുകളിലെ നാല് സാമൂഹ്യശാസ്ത്ര വിഷയങ്ങളിലും അധിക പാഠപുസ്തകങ്ങൾ പ്രസിദ്ധീകരിച്ച് കുട്ടികളെ പഠിപ്പിച്ചു. ഇത്തരത്തിൽ അക്കാദമിക് പ്രതിരോധം തീർത്ത ഏക സംസ്ഥാനം കേരളമാണ്. എൻസിഇആർടി ഈവർഷം പരിഷ്‌കരിച്ച പുസ്തകങ്ങളും കാവിവത്കരണത്തിന് ഉദാഹരണമാണ്.
സാമൂഹ്യശാസ്ത്രത്തിൽ മുഗൾഭരണം ഉൾപ്പെടെ മുസ്ലിം രാജവംശങ്ങളെ പൂർണമായി ഒഴിവാക്കി ഹിന്ദുപുരാണങ്ങളാൽ നിറച്ചു. മതനിരപേക്ഷതയും വ്യത്യസ്ത സംസ്കാരങ്ങളും ഉയർത്തിപ്പിടിക്കുന്ന ഭരണഘടനയുള്ള നാട്ടിൽ ഇതുപോലെയാണോ പാഠപുസ്തകങ്ങൾ തയാറാക്കേണ്ടതെന്ന് ചിന്തിക്കണം.ഇംഗ്ലീഷ് മീഡിയത്തിലുള്ള പുസ്തകങ്ങൾക്ക് പൂർവി, മൃദംഗ്, സന്തൂർ, ഗണിതപ്രകാശ് എന്നിങ്ങനെ ഹിന്ദി പേരുകളാണ് നൽകിയത്. ഇതിലൂടെ ഭാഷാവൈവിധ്യത്തെ ദുർബലപ്പെടുത്തുന്നു. സാംസ്കാരിക ഏകീകരണത്തിനുള്ള ശ്രമമായും വിദ്യാഭ്യാസയാത്രയിലെ പിന്നോട്ടടിയായുമാണ് കേരളം ഇതിനെ കാണുന്നതെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി.