കായംകുളം: ഇടതുപക്ഷം രണ്ട് പതിറ്റാണ്ടായി കുത്തകയാക്കിയ ഭരണിക്കാവ് ഗ്രാമത്തിന്റെ അധികാരം തിരികെ പിടിക്കണമെന്നത് യു.ഡി.എഫിന്റെ എക്കാലത്തെയും മോഹമാണ്. എന്നാല്‍, സ്വന്തം പക്ഷത്തെ പടലപ്പിണക്കങ്ങളും കോണ്‍ഗ്രസിലെ ഗ്രൂപ്പുപോരും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നതിനാല്‍ വിജയമെന്നത് മോഹമായി അവശേഷിക്കുകയാണ്. ഇത്തവണയും കോണ്‍ഗ്രസില്‍ സ്ഥിതി വ്യത്യസ്തമല്ലെന്നാണ് അണിയറയിലെ സംസാരം. അതേസമയം ഭരണം തിരികെ പിടിക്കാന്‍ ഗ്രൂപ്പിനതീതമായ നിലപാടുകള്‍ വേണമെന്ന നിര്‍ദേശവുമുണ്ട്. യു.ഡി.എഫിന് നിര്‍ണായക മുന്‍തൂക്കമുണ്ടായിരുന്ന പഞ്ചായത്ത് 2000ത്തിലാണ് ഇടതുപക്ഷത്തേക്ക് ചായുന്നത്. ജോയി വെട്ടിക്കോട്, എ.എം. ഹാഷിര്‍, ശ്യാമളാ ദേവി എന്നിവരാണ് കഴിഞ്ഞ മൂന്ന് തവണ പഞ്ചായത്തിനെ നയിച്ചത്. പ്രഫ. വി. വാസുദേവനാണ് നിലവില്‍ പ്രസിഡന്റ്. എല്‍.ഡി.എഫിനേക്കാള്‍ നാലായിരത്തോളം വോട്ടിന് മുകളില്‍ മേല്‍ക്കൈയുണ്ടായിരുന്ന യു.ഡി.എഫ് ഓരോവര്‍ഷവും മെലിയുന്ന സ്ഥിതിയാണ്.
പഞ്ചായത്ത് ഭരണം നഷ്ടമായാലും നിയമസഭ-ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിന് വന്‍മുന്നേറ്റമാണ്. കഴിഞ്ഞ നിയമസഭ-പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലാണ് ഇടതുപക്ഷത്തിന് നേരിയ മുന്‍തൂക്കം നേടാനായത്. ഗ്രൂപ്പുതര്‍ക്കവും വിമത ശല്യവുമാണ് വാര്‍ഡുകളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ പരാജയത്തിന് കാരണം. അടിവാരല് ശക്തമായിരുന്ന കഴിഞ്ഞ തെരഞ്ഞെടുപ്പിലും 21ല്‍ എട്ട് പേരെ വിജയിപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു. സ്ഥാനാര്‍ഥികളുടെ മികവും ചിട്ടയാര്‍ന്ന പ്രവര്‍ത്തനവുമാണ് ഇടതുപക്ഷത്തിന് സഹായകം. ഇത്തവണയും തെരഞ്ഞെടുപ്പ് രംഗത്ത് സി.പി.എം ആദ്യറൗണ്ട് പിന്നിട്ടിട്ടും കോണ്‍ഗ്രസില്‍ കാര്യങ്ങള്‍ സ്ഥാനാര്‍ഥി നിര്‍ണയം സുഗമമായല്ല പുരോഗമിക്കുന്നത്. 14 ഓളം വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സി.പി.എം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം തുടങ്ങിയിരിക്കുകയാണ്. ഇവര്‍ വീടുകള്‍ കയറിയുള്ള വോട്ടുപിടിത്തം തുടങ്ങിയിട്ടുണ്ട്.
ഇടതുമുന്നണിയില്‍ എന്‍.സി.പി, സി.പി.ഐ കക്ഷികള്‍ക്കായി ഓരോ വാര്‍ഡുകള്‍ മാറ്റിവെച്ചിട്ടുണ്ട്. മറ്റ് വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച തീരുമാനം അടുത്ത ദിവസമുണ്ടാകും. ഇതിനിടെ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത മറനീക്കുന്നത് തിരിച്ചടിയാകുമോയെന്ന ആശങ്ക സി.പി.എം നേതൃത്വത്തിനുണ്ട്. ഇത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നതിന് തടയിടാനായി ജില്ല സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ യോഗം ചേരുമെന്നാണ് അറിയുന്നത്.
എന്നാല്‍, സി.പി.എമ്മിലെ വിഭാഗീയത മുതലെടുക്കാന്‍ കഴിയാത്ത തരത്തിലുള്ള ഗ്രൂപ്പുപോരാണ് കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്നത്. സ്ഥാനാര്‍ഥിത്വം ലഭിക്കാന്‍ ഗ്രൂപ്പുകള്‍ തമ്മില്‍ കടുത്ത മത്സരമാണ്. കെ.പി.സി.സി ഭാരവാഹികളാണ് ഇതിനായി നേതൃത്വം നല്‍കുന്നത്. ഇതോടെ, വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളെ പോലും പ്രഖ്യാപിക്കാത്തതില്‍ അണികള്‍ നിരാശരാണ്.