എടത്വ: അവികസത മേഖലയായ തലവടി ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡില്‍ സൗഹൃദ നഗറില്‍ താമസിക്കുന്നവര്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി അനുഭവിക്കുന്ന യാത്രാക്ലേശം, ശുദ്ധജല ക്ഷാമം എന്നിവ ഉള്‍പ്പെടെയുള്ള ദുരിതങ്ങളുടെ പരിഹാരത്തിന് സാധ്യത തെളിയുന്നു. ഇന്നലെ(ശനിയാഴ്ച) ഡിസ്ടിക്ട് ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് പ്രമോദ് മുരളി സ്ഥലം സന്ദര്‍ശിച്ചു. പൊതുപ്രവര്‍ത്തകന്‍ ഡോ. ജോണ്‍സണ്‍ വി. ഇടിക്കുളയുടെ വസതിയില്‍ പ്രദേശവാസികള്‍ ജൂലൈ 16ന് യോഗം ചേര്‍ന്ന് സൗഹൃദ നഗര്‍ റോഡ് സമ്പാദക സമിതി രൂപികരിച്ചിരുന്നു. ജൂലൈ 18ന് ഈ പ്രദേശത്ത് ക്ഷേത്രത്തിലെ നോട്ടീസ് വിതരണം ചെയ്യുന്നതിനിടയില്‍ കുഴഞ്ഞ വീണ രാജു ദാമോദരനെ(55) റോഡിന്റെ ശോചനീയാവസ്ഥ മൂലം ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് മരണപെട്ടു. റോഡിന്റെ ശോചനീയാവസ്ഥയെ കുറിച്ച് മാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞ തോമസ് കെ. തോമസ് എംഎല്‍എ യും ജില്ലാ പ്രിന്‍സിപ്പള്‍ ജഡ്ജി ചെയര്‍മാന്‍ ആയ ഡിസ്ടിക്ട് ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ഉദ്യോഗസ്ഥന്‍ തോമസ് ജോണ്‍ കഴിഞ്ഞ ദിവസം ഇവിടെയെത്തി റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിച്ചിരുന്നു.
സാല്‍വേഷന്‍ ആര്‍മി പള്ളി – പൊയ്യാലുമാലില്‍ പടി റോഡില്‍ താമസിക്കുന്ന ഭിന്നശേഷിക്കാരായ രണ്ടു പേരുടെയും ഭവനങ്ങള്‍ സന്ദര്‍ശിച്ച തോമസ് എംഎല്‍എ യും, സബ് ജഡ്ജ് പ്രമോദ് മുരളിയും ഇരുവശങ്ങളിലുള്ള വസ്തു ഉടമകളുമായും സ്ഥിതിഗതികള്‍ ചോദിച്ച് അറിഞ്ഞു. ഡിസ്ടിക്ട് ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ഉദ്യോഗസ്ഥന്‍ തോമസ് ജോണ്‍, സൗഹൃദ നഗര്‍ റോഡ് സമ്പാദക സമിതി രക്ഷാധികാരി തോമസ്‌ക്കുട്ടി പാലപറമ്പില്‍, ചെയര്‍മാന്‍ ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള, കണ്‍വീനര്‍ മനോജ് മണക്കളം, ജോ.കണ്‍വീനര്‍ പി.ഡി.സുരേഷ്, പി.പി.ഉണ്ണികൃഷ്ണന്‍, എബികെ.കെ, ദാനിയേല്‍ തോമസ്, പി.കെ ശുഭാനന്ദന്‍ എന്നിവര്‍ വിശദികരിച്ചു. മടയ്ക്കല്‍ – പൊയ്യാലുമാലില്‍ പടി റോഡില്‍ വെള്ളപൊക്ക സമയങ്ങളില്‍ അനുഭവിക്കുന്ന ദുരിതങ്ങളും പ്രദേശവാസികളില്‍ നിന്നും നേരിട്ട് മനസ്സിലാക്കിയ സബ് ജഡ്ജ് പ്രമോദ് മുരളി കുടിവെള്ള ക്ഷാമം താത്ക്കാലികമായി പരിഹരിക്കുന്നതിന് സൗഹൃദ വേദി സ്ഥാപിച്ചിരിക്കുന്ന കിയോസ്‌ക്ക് നേരിട്ട് സന്ദര്‍ശിക്കുകയും ഭാരവാഹികളെ അഭിനന്ദിക്കുകയും ചെയ്തു.