കണ്ണൂര്‍: താലിബാന്‍ പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനില്‍ സ്ഥിതിഗതികള്‍ ദിവസങ്ങള്‍ കഴിയും തോറും കൂടുതല്‍ ഗുരുതരമാകുകയാണ്. കുടുങ്ങിക്കിടക്കുന്ന സ്വന്തം പൗരന്മാരെ തിരികെ എത്തിക്കാനുള്ള ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ ശ്രമങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ട്. പകുതിയിലേറെ പേരെ ഇന്ത്യ തിരികെയെത്തിച്ചു. എയര്‍പോര്‍ട്ടില്‍ എത്തുന്നതിന് മുമ്പ് മണിക്കൂറുകളോളം താലിബാന്റെ പിടിയില്‍ ആയിരുന്നുവെന്നും ജീവിതം അവിടെ അവസാനിച്ചുവെന്നാണ് ആ നിമിഷം കരുതിയിരുന്നതെന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും രക്ഷപെട്ട് എത്തിയ കണ്ണൂര്‍ സ്വദേശി ദീദില്‍ രാജീവന്‍ പറയുന്നു.
സ്ഥിതിഗതികള്‍ മാറിയെന്ന് മനസിലായപ്പോള്‍ ജീവന്‍ കയ്യില്‍പിടിച്ച് രക്ഷപെടാനുള്ള ശ്രമമായിരുന്നു. രണ്ട് വസ്ത്രം മാത്രമെടുത്ത് ഇറങ്ങിയോടുകയായിരുന്നു. എന്റെ മാത്രമല്ല എല്ലാവരുടേയും അവസ്ഥ അതായിരുന്നു. ആറ് ബസുകളിലായി 150 പേരാണ് എയര്‍ പോര്‍ട്ടിലേക്ക് പോയത്. മൂന്ന് തവണ എയര്‍പോര്‍ട്ടിന് അടുത്തെത്താന്‍ ശ്രമം നടത്തി. മൂന്ന് തവണയും പരാജയപ്പെട്ടു. അവസാനം താലിബാന്‍ പിടിച്ച് കൊണ്ടുപോയി.
എയര്‍പോര്‍ട്ടിലേക്ക് എത്തുന്നതിന് മുമ്പ് രാവിലെ 9 മണി മുതല്‍ വൈകിട്ട് 3 മണിവരെ താലിബാന്റെ പിടിയിലായിരുന്നു. അവര്‍ വഴി കാണിച്ച് തരാമെന്ന് പറഞ്ഞാണ് ബസില്‍ കയറിയത്. ദൂരെ ആളൊഴിഞ്ഞ ഒരു ഇടത്താണ് എത്തിച്ചത്. ജീവിതം അവസാനിച്ചെന്നും എല്ലാം കഴിഞ്ഞെന്നും കരുതിയ നിമിഷങ്ങളായിരുന്നു അത്. തിരികെ എത്താന്‍ കഴിയുമെന്ന പ്രതീക്ഷ ആ ബസില്‍ തനിക്കൊപ്പമുണ്ടായിരുന്ന ആര്‍ക്കുമുണ്ടായിരുന്നില്ലെന്നും ദീദില്‍ ഓര്‍മ്മിക്കുന്നു.
തിരികെ നാട്ടിലെത്താന്‍ കഴിഞ്ഞതില്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത വലിയ ആശ്വാസമുണ്ടെന്ന് പറഞ്ഞ ദീദില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും നന്ദി അറിയിച്ചു. ഭയപ്പെടുത്തേണ്ടെന്ന് കരുതി പല കാര്യങ്ങളും വീട്ടുകാരോട് പറഞ്ഞിരുന്നില്ലെന്നും ദില്ലിയില്‍ തിരികെയെത്തിയ ശേഷമാണ് വീട്ടുകാരെ കാര്യങ്ങള്‍ അറിയിച്ചതെന്നും ദീദില്‍ പറഞ്ഞു.