കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ കണ്ഡഹാറില്‍ സ്പിന്‍ ബോള്‍ഡക് ജില്ല പിടിച്ചെടുത്ത ശേഷം താലിബാന്‍ നൂറ് പേരെ ക്രൂരമായി കൊലപ്പെടുത്തിയതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജില്ല പിടിച്ചെടുത്തതിന് പിന്നാലെ നിരപരാധികളായ അഫ്ഗാനികളുടെ വീടുകള്‍ കൊള്ളയടിക്കുകയും ജനത്തെ ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു. എന്നാല്‍ താലിബാന്‍ ഇത് നിഷേധിച്ചിട്ടുമുണ്ട്.
അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്ക സൈന്യത്തെ പിന്‍വലിച്ചതിന് പിന്നാലെ താലിബാന്‍ ആക്രമണത്തിന്റെ മൂര്‍ച്ച കൂട്ടുകയായിരുന്നു. രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ വളരെ വേഗമാണ് താലിബാന്‍ കീഴടക്കിയത്. അയല്‍രാജ്യമായ പാകിസ്ഥാനില്‍ നിന്നും താലിബാന്‍ അളവറ്റ പിന്തുണ ലഭിക്കുന്നുണ്ട്. താജിക്കിസ്ഥാനുമായും പാകിസ്ഥാനുമായുമുള്ള അഫ്ഗാനിസ്ഥാന്റെ അതിര്‍ത്തി ഇപ്പോള്‍ താലിബാനാണ് നിയന്ത്രിക്കുന്നത്. ഒരു കാലത്ത് താലിബാന് ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിടേണ്ടി വന്ന സ്ഥലമാണിത്. അഫ്ഗാനിസ്ഥാന്റെ 90 ശതമാനം അതിര്‍ത്തിയും തങ്ങള്‍ നിയന്ത്രിക്കുന്നു വെന്നാണ് താലിബാന്‍ അവകാശപ്പെടുന്നത്.
അതേസമയം രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നും താലിബാന്റെ ക്രൂരതകളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. പ്രദേശവാസികളെ നിര്‍ബന്ധമായി റിക്രൂട്ട് ചെയ്യുകയും പണം പിരിക്കുകയും ചെയ്യുന്നുണ്ട്. വരുമാനത്തിന്റെ ഒരു ഭാഗം തങ്ങള്‍ക്ക് നല്‍കണമെന്നാണ് താലിബാന്‍ ജനങ്ങളോട് ആവശ്യപ്പെടുന്നത്. പ്രദേശത്തെ കടകളില്‍ നിന്നും കപ്പം പിരിക്കാനും ആരംഭിച്ചിട്ടുണ്ട്. വലിയ തുക നല്‍കാനുള്ള ശേഷിയില്ലാത്ത ആളുകളെ ശാരീരികമായി ദ്രോഹിക്കുന്നുണ്ട്.