കൊച്ചി : കൂട്ടയടിയെ തുടര്‍ന്ന് പൂണിത്തുറ ലോക്കല്‍ കമ്മിറ്റി പിരിച്ചുവിട്ട തൃക്കാക്കര ഏരിയാ കമ്മിറ്റി നടപടിക്ക് സിപിഐഎം സംസ്ഥാന നേതൃത്വത്തിന്റെ അംഗീകാരം. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പെടെ മര്‍ദ്ദിച്ച ഏഴുപേരെ പുറത്താക്കി അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിക്കാനുളള നടപടിക്കാണ് സംസ്ഥാന നേതൃത്വം അംഗീകാരം നല്‍കിയത്. ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കെ കെ ബൈജു, കെ എ സുരേഷ് ബാബു, ബ്രാഞ്ച് സെക്രട്ടറിമാരായ പി ബൈജു, എ ബി സൂരജ്, കെ സനീഷ്, പാര്‍ട്ടി അംഗങ്ങളായ എം സുനില്‍ കുമാര്‍, സൂരജ് ബാബു എന്നിവരെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.
ഏരിയ കമ്മിറ്റി അംഗവും കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലറുമായ വി പി ചന്ദ്രനെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ നടപടിയും സംസ്ഥാന നേതൃത്വം അംഗീകരിച്ചു. വയനാട് ദുരിതാശ്വാസനിധിക്കായി പിരിച്ച തുക വക മാറ്റിയതുമായി ബന്ധപ്പെട്ടാണ് നടപടി. അതേസമയം തനിക്കെതിരായ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വി പി ചന്ദ്രന്‍ പത്രസമ്മേളനം വിളിച്ച് പ്രതികരിച്ചിരുന്നു. തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രചാരണം നടത്തുന്നത്. ഇത് സംബന്ധിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പരാതി നല്‍കുമെന്നും അറിയിച്ചിരുന്നു.