കോന്നി : തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ മലയോര മേഖലകളിൽ ശുദ്ധജല ക്ഷാമം രൂക്ഷമാകുന്നു. വേനൽ കടുത്തതോടെ മലയോര മേഖലയുടെ പ്രധാന ജല സ്രോതസായ കല്ലാറും വറ്റി വരളാൻ തുടങ്ങി. ഇതോടെ തണ്ണിത്തോട്, തേക്കുതോട്, ഏഴാംതല, മണ്ണീറ, തൂമ്പാക്കുളം, പൂച്ചക്കുളം, കരിമാൻതോട്, പറക്കുളം, മേടപ്പാറ, വി കെ പാറ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ ദുരിതത്തിലായിരിക്കുകയാണ്. കിണറുകള്‍ വറ്റി വരണ്ടു. കുടിവെള്ളത്തിന് കിലോമീറ്ററുകള്‍ നടന്നിറങ്ങണം.
വാട്ടർ അഥോറിറ്റി പൈപ്പ് ലൈനുകളെയാണ് ശുദ്ധജലത്തിനായി ജനങ്ങൾ ഏറെയും ആശ്രയിക്കുന്നത്. തേക്കുതോട് മൂഴിയിൽ സ്ഥാപിച്ചിരിക്കുന്ന തണ്ണിത്തോട് ശുദ്ധജല പദ്ധതിയുടെ പമ്പ് ഹൗസിൽ നിന്നാണ് ഗ്രാമപഞ്ചായത്തിന്റെ വിവിധ ഇടങ്ങളിലേക്ക് വെള്ളം പമ്പ് ചെയ്യുന്നത്. എന്നാൽ വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച ശുദ്ധജല പദ്ധതിയുടെ പോരായ്മകളും ജല വിതരണത്തെ സാരമായി ബാധിക്കുന്നുണ്ട്. മോട്ടോറുകളുടെ ശേഷി കുറവും വ്യാസം കുറഞ്ഞ ജലവിതരണ പൈപ്പുകളും സംഭരണ ശേഷി കുറഞ്ഞ ടാങ്കുകളും തണ്ണിത്തോട് ത്വരിത ഗ്രാമീണ ശുദ്ധജല പദ്ധതിയുടെ പോരായ്മകളാണ്. മോട്ടോറും പമ്പ് സെറ്റും തകരാറിലായാൽ പകരം പ്രവർത്തിപ്പിക്കുവാൻ പോലും മറ്റൊന്നില്ല. 2011ൽ ആണ് തണ്ണിത്തോട് ശുദ്ധജല വിതരണ പദ്ധതി ഉത്ഘാടനം ചെയ്യപ്പെടുന്നത്. എന്നാൽ ഇതിന് രണ്ട് വർഷം മുൻപ്
തേക്കുതോട് മൂഴിക്ക് സമീപം ഇൻഡേക്ക് പമ്പ് ഹൗസ് സ്ഥാപിച്ച് ഭാഗികമായി പ്രവർത്തനമാരംഭിച്ചിരുന്നു. തുടക്കത്തിൽ ഇരുപത് കിലോമീറ്ററോളം ദൂരത്തിൽ പൈപ്പ് ലൈനും അൻപത് പൊതു ടാപ്പുകളുമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ ഇരുനൂറ്റൻപത് കിലോമീറ്റർ പൈപ്പ് ലൈനും ആയിരത്തോളം ഗാർഹീക കണക്ഷനുകളും ഇരുനൂറ്റിയൻപത് പൊതു ടാപ്പുകളുമുണ്ട്.
എന്നാൽ പൈപ്പ് ലൈനുകൾ വർഷം തോറും ദീർഘിപ്പിച്ചതല്ലാതെ മോട്ടോറിന്റെ പ്രവർത്തന ശേഷി വർധിപ്പിക്കുകയോ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയോ ചെയ്തില്ല. ഇത് മൂലം പമ്പിംഗിന് കൂടുതൽ സമയം വേണ്ടി വരുമ്പോൾ ശുദ്ധജല വിതരണത്തിനും തടസ്സം നേരിടും. പദ്ധതിയുടെ തുടക്കത്തിൽ ഇൻഡേക്ക് പമ്പ് ഹൗസിൽ പറക്കുളം, മൂർത്തിമൺ, കരിമാൻതോട് എന്നിവടങ്ങളിലും പറക്കുളം ബൂസ്റ്റർ പമ്പ് ഹൗസിലും രണ്ട് സെറ്റ് പമ്പും മോട്ടോറും ഉണ്ടായിരുന്നു. പിന്നീട് തകരാറിനെ തുടർന്ന് ബൂസ്റ്റർ പമ്പ് ഹൗസുകളിൽ ഓരോ മോട്ടോർ വീതമായി. രണ്ട് വർഷം മുൻപ് കരിമാൻതോടിന് വെള്ളം പമ്പ് ചെയ്യുന്ന മോട്ടോർ തകരാറിലായതോടെ കരിമാൻതോട്, മൂർത്തിമൺ എന്നിവടങ്ങളിലേക്ക് ഒരേ മോട്ടറിൽ നിന്ന് വെള്ളം മാറി മാറി പമ്പ് ചെയ്യുകയാണ്. എന്നാൽ കൊടും വരൾച്ചയെ നേരിടുവാൻ ഇത് പര്യാപ്തമല്ല. കാലഹരണപ്പെട്ട ശുദ്ധജല പദ്ധതി നവീകരിച്ചെങ്കിൽ മാത്രമേ ശുദ്ധജല ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുവാൻ സാധിക്കുകയുള്ളു.