കോന്നി : കാട്ടാനകളുടെ നിരന്തരമായ ശല്ല്യം തണ്ണിത്തോട് മാതൃക ഫോറസ്റ്റ് സ്റ്റേഷൻ നിർമ്മാണത്തെ സാരമായി ബാധിക്കുന്നു. കോന്നി തണ്ണിത്തോട് റോഡിൽ മുണ്ടോംമൂഴി പാലത്തിന് സമീപത്തായാണ് മാതൃക ഫോറസ്റ്റ് സ്റ്റേഷൻ നിർമ്മിക്കുന്നത്.
നിർമ്മാണം അവസാന ഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ കഴിഞ്ഞ രാത്രിയിലാണ് കൂട്ടത്തോടെ എത്തിയ കാട്ടാനകൾ സ്റ്റേഷന്റെ വരാന്തയിലും റൂമിലും കയറി നാശം വിതച്ചത്. കുട്ടിയാനകളാണ് മുറികളില്‍ കയറിയതെന്ന് കരുതുന്നു. വെള്ളപൂശിയ കെട്ടിടത്തിന്റെ ചുവരുകൾ മുഴുവൻ ആനക്കൂട്ടം ചെളിയും മണ്ണും വാരി തേക്കുകയും വിസർജ്ജനം നടത്തുകയും ചെയ്തിട്ടുണ്ട്. കരാറുകാരൻ നിർമ്മാണത്തിനായി എത്തിച്ച സിമന്റ്, ആയിരക്കണക്കിന് രൂപ മുതൽ മുടക്കി വാങ്ങിയ പലകകൾ എല്ലാം ആന നശിപ്പിച്ചു. സംഭവം അധികൃതരെ അറിയിച്ചപ്പോൾ കരാറുകാർ സ്ഥലത്ത് കാവൽ കിടക്കണം എന്നായിരുന്നു അധികൃതരുടെ മറുപടി. ആനകൾ നശിപ്പിച്ച സാധനങ്ങളുടെ നഷ്ടപരിഹാരവും ഇവർക്ക് കിട്ടിയിട്ടില്ല. ഫോറസ്റ്റ് സ്റ്റേഷൻ നിർമ്മാണത്തിന്റെ തുടക്കത്തിൽ തന്നെ ഇത് ആനത്താരയിലാണ് നിർമ്മിക്കുന്നതെന്ന് ആക്ഷേപമുയർന്നിരുന്നു. എന്നാല്‍ ഇത് വക വെയ്ക്കാതെയായിരുന്നു അധികൃതര്‍ ഇവിടെ നിര്‍മ്മാണം ആരംഭിച്ചത്.