കോന്നി : ട്രിപ്പിൾ ലോക്ഡൌൺ തുടരുന്ന തണ്ണിത്തോട് ഗ്രാമപഞ്ചായത്തിൻ്റെ വിവിധ വാർഡുകളിൽ ലോക്ഡൌൺ ലംഘനങ്ങൾ തുടരുമ്പോഴും അധികൃതർ നടപടി സ്വീകരിക്കുന്നില്ല. തണ്ണിത്തോട് പഞ്ചായത്തിലെ 2,3,4,5,6,8,9,11,12,13 വാർഡുകളിൽ കണ്ടെയ്മെൻ്റ് സോൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തണ്ണിത്തോട് പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ഡൌൺ പ്രഖ്യാപിച്ചത്.
അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ നിബന്ധനകൾക്ക് വിധേയമായി മാത്രം തുറക്കുന്ന സാഹചര്യത്തിൽ മറ്റ് സ്ഥാപനങ്ങളും ധനകാര്യ സ്ഥാപനങ്ങളും ഇതിന് മറവിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇതിന് തടയിടാൻ ആരോഗ്യ വകുപ്പോ പോലീസോ ബന്ധപ്പെട്ട അധികൃതരോ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
രാവിലെ മുതൽ ഇത്തരം സ്ഥാപനങ്ങളിൽ വലിയ തിരക്കും അനുഭവപ്പെടുന്നുണ്ട്. തണ്ണിത്തോട് പഞ്ചായത്ത് സെക്രട്ടറിക്ക് അടക്കം ലോക്ഡൌൺ നിർദ്ദേശങ്ങൾ അടങ്ങിയ അറിയിപ്പ് ജില്ലാ ഭരണകൂടം നൽകിയിട്ടും ലംഘനങ്ങൾ തുടരുകയാണ്. മാത്രമല്ല മലയോര മേഖലയായതിനാൽ ഉൾപ്രദേശങ്ങളിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരുടെ എണ്ണവും വർധിക്കുന്നുണ്ട്.