കോന്നി : തണ്ണിത്തോട് അഞ്ചുകുഴിയിൽ വീടിന് സമീപത്ത് കടുവ എത്തി. ഇന്നലെ രാത്രി പത്ത് മണിയോടെ ആയിരുന്നു സംഭവം. അഞ്ചുകുഴി കൊല്ലനേത്ത് വീട്ടിൽ സതീഷിന്റെ വീടിന് സമീപത്തായാണ് കടുവ എത്തിയത്. നായകൾ കുരയ്ക്കുന്ന ശബ്ദം കേട്ട് സതീഷും ഭാര്യ സൗമ്യയും വീടിന് പുറത്തിറങ്ങി വീടിന് പുറക് ഭാഗത്തേക്ക് ടോർച്ച് അടിച്ച് നോക്കുമ്പോഴാണ് കടുവയെ കണ്ടത്. കൺമുന്നിൽ കടുവയെ കണ്ട വീട്ടുകാർ ഭയന്ന് വിറച്ച് വീടിനുള്ളിൽ കയറി കതക് അടച്ചതിന് ശേഷം വനപാലകരെ വിവരം ധരിപ്പിക്കുകയായിരുന്നു. തുടർന്ന് തണ്ണിത്തോട് നിന്നും വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് ഇന്ന് രാവിലെ റാപ്പിഡ് റെസ്പോൺസ് ടീം അടക്കമുള്ള സംഘം പരിശോധന നടത്തി കടുവയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് കടുവയുടെ കാൽപ്പാടുകളും സംഘം കണ്ടെത്തി. വീടിന് സമീപം കടുവയെ കണ്ട സ്ഥലത്ത് കൂട് സ്ഥാപിക്കുന്നതിനും വനപാലകർ തീരുമാനിച്ചു. സി പി ഐ സംസ്ഥാന കൗൺസിലംഗം പി ആർ ഗോപിനാഥൻ, ബ്ലോക്ക് പഞ്ചായത്തംഗം പി ആർ രാമചന്ദ്രൻപിള്ള, സി പി ഐ എം തണ്ണിത്തോട് ലോക്കൽ സെക്രട്ടറി പ്രവീൺ പ്രസാദ്, തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം വി അമ്പിളി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവിടെ വീട്ടിൽ വളർത്തിയിരുന്ന ആറ് ആടുകളേയും ഇവിടെ നിന്ന് മാറ്റിയിട്ടുണ്ട്.
തണ്ണിത്തോട് അഞ്ചുകുഴിയിലും കടുവയുടെ സാന്നിധ്യം ; ഞെട്ടൽ മാറാതെ കുടുംബം
RECENT NEWS
Advertisment