കോന്നി : തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കുന്ന സൌജന്യ വാട്ടർ കണക്ഷൻ സാധാരണക്കാർക്ക് നൽകുന്നതിൽ വൻ അഴിമതിയെന്ന് സി പി ഐ ആരോപിച്ചു.
സ്ഥലത്തെ ഗ്രാമപഞ്ചായത്തംഗവും കോൺട്രാക്റ്റർമാരും ചേർന്ന് ഗുണഭോക്താക്കളിൽ നിന്നും ആയിരം രൂപ മുതൽ അയ്യായിരം രൂപ വരെ കൈക്കൂലി ചോദിച്ച് വാങ്ങുന്നുണ്ടെന്ന് സി.പി.ഐ ആരോപിച്ചു. ഈ വിവരം പഞ്ചായത്ത് പ്രസിഡന്റിനേയും ബന്ധപ്പെട്ട അധികാരികളേയും അറിയിച്ചിട്ടുണ്ടെങ്കിലും ആരും നടപടി സ്വീകരിച്ചിട്ടില്ല.
അഴിമതി ചോദ്യം ചെയ്തതിന്റെ പേരില്‍ കഴിഞ്ഞ ദിവസം മേടപ്പാറയിലെ വീട്ടിലേക്ക് പൈപ്പ് സ്ഥാപിക്കാൻ വീട്ടുകാർ കുഴി നിർമ്മിക്കണമെന്ന ന്യായം പറഞ്ഞ് കണക്ഷനുകൾ നൽകാതെ പോയി. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഇനിയും ഒരു മാസം കഴിഞ്ഞ് പുതിയ അപേക്ഷ നല്‍കിയതിനുശേഷം കണക്ഷൻ നൽകുമെന്നാണ് മെംമ്പറുടെ മറുപടി. ഗ്രാമപഞ്ചായത്തംഗം വിഷയത്തിൽ രാഷ്ട്രീയം കലർത്തി അവരുടെ ആളുകൾക്ക് കണക്ഷൻ നൽകുന്നതായും ആരോപണമുണ്ട്. അനർഹർക്കാണ് ഇവർ കണക്ഷൻ കൊടുത്തിരിക്കുന്നത്. സ്വന്തമായി കിണർ ഇല്ലാത്ത ആളുകൾക്കും കണക്ഷൻ കൊടുത്തിട്ടില്ല.
വിഷയത്തിൽ ബന്ധപ്പെട്ടവർ അടിയന്തിരമായി ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണുവാൻ തയ്യാറായില്ലെങ്കിൽ തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ ജനകീയ സമരം സംഘടിപ്പിക്കുമെന്നും സി പി ഐ മേടപ്പാറ ബ്രാഞ്ച് കമ്മറ്റി അറിയിച്ചു. യോഗത്തിൽ സി പി ഐ കോന്നി മണ്ഡലം കമ്മറ്റിയംഗം കെ സന്തോഷ്, രാജേന്ദ്രൻ നായർ, പി വി ഭദ്രൻ തുടങ്ങിയവർ സംസാരിച്ചു.