കോഴിക്കോട് : തപസ്യ കലാസാഹിത്യവേദി മഹാകവി അക്കിത്തത്തിന്റെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരം എം.ടി. വാസുദേവൻ നായർക്ക്. സാഹിത്യ സാംസ്കാരിക മേഖലകളിലെ സമഗ്ര സംഭാവന പരിഗണിച്ചാണ് പ്രഥമ അക്കിത്തം പുരസ്കാരം എം.ടി.ക്ക് നൽകുന്നതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഒരു ലക്ഷം രൂപയും കീർത്തിഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം അക്കിത്തത്തിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് കോഴിക്കോട്ട് സമർപ്പിക്കും. ആഷാ മേനോൻ, പി.നാരായണക്കുറുപ്പ്, പി.ബാലകൃഷ്ണൻ, ഡോ.ശ്രീശൈലം ഉണ്ണികൃഷ്ണൻ എന്നിവരടങ്ങുന്ന സമിതി ഏകകണ്ഠമായാണ് എം.ടി.യുടെ പേര് നിർദേശിച്ചത്. പി.ബാലകൃഷ്ണൻ, ഡോ.ശ്രീശൈലം ഉണ്ണികൃഷ്ണൻ, തപസ്യ ജനറൽ സെക്രട്ടറി അനൂപ് കുന്നത്ത്, വൈസ് പ്രസിഡന്റ് യു.പി സന്തോഷ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.