മഹീന്ദ്ര ഥാർ എന്നും വാഹനപ്രേമികളുടെ ആവേശമാണ്. പ്രത്യേകിച്ച് ഓഫ് റോഡ് തൽപ്പരരുടെ. ഏത് കുന്നും മലയും മരുഭൂമിയുമെല്ലാം താണ്ടാൻ കെൽപ്പുള്ളവൻ. 2010ലാണ് ഥാറിന്റെ ആദ്യ ജനറേഷൻ വാഹനം പുറത്തിറങ്ങിയത്. പത്ത് വർഷത്തിന് ശേഷം ഗംഭീര മേക്ക്ഓവറുമായി രണ്ടാം ജനറേഷൻ വാഹനവും നിരത്തിലെത്തി. കൂടുതൽ പ്രീമിയം സൗകര്യങ്ങളുമായിട്ടായിരുന്നു വാഹനത്തിന്റെ വരവ്. ഈ 3 ഡോർ വാഹനം വലിയ ഹിറ്റായി തന്നെ മാറി. ഓരോ മാസവും 4500ഓളം യൂനിറ്റുകളാണ് മഹീന്ദ്ര വിൽക്കുന്നത്. പിൻസീറ്റിലേക്ക് കയറാനുള്ള ബുദ്ധിമുട്ടായിരുന്നു ഈ മോഡലിൽ പലരും പറഞ്ഞിരുന്ന പോരായ്മ. ആ പോരായ്മ കൂടി പരിഹരിക്കാനാണ് ഇപ്പോൾ 5 ഡോർ ഥാർ അവതരിപ്പിച്ചിരിക്കുന്നത്. ഥാർ റോക്സ് എന്നാണ് ഏറ്റവും പുതിയ മോഡലിന് കമ്പനി നൽകിയ പേര്.
ഇന്ത്യൻ വാഹന വിപണിയും വാഹനപ്രേമികളുടെ ഹൃദയവും ഒരുപോലെ ഥാർ റോക്സ് കീഴടക്കുമെന്നതിൽ സംശയമില്ല. ഏറെക്കാലമായി എല്ലാവരും കാത്തിരുന്ന വാഹനമാണ് 5 ഡോർ ഥാർ. രണ്ട് വർഷമായിട്ട് മഹീന്ദ്ര ഇതിൻറെ പണിപ്പുരയിലായിരുന്നു. മൂടിപ്പൊതിഞ്ഞ പരീക്ഷണ വാഹനങ്ങൾ റോഡിലൂടെ പോകുമ്പോഴെല്ലാം അതിന്റെ ചിത്രങ്ങളും വിഡിയോകളുമെല്ലാം സാമൂഹിക മാധ്യമങ്ങളെ പ്രകമ്പനം കൊള്ളിച്ചു. ഇതിന്റെ അവതരണത്തിനായി ഓരോ ഥാർ പ്രേമിയും കാത്തിരുന്നു. ആ കാത്തിരിപ്പ് വെറുതെയായില്ലെന്ന് തെളിയിക്കുന്നതാണ് അവതരണം. കൂടുതൽ പ്രായോഗികത കൊണ്ടുവരികയും പ്രീമിയം സവിശേഷതകൾ ഉൾപ്പെടുത്തുകയും ചെയ്ത് മഹീന്ദ്ര എല്ലാവരെയും അമ്പരപ്പിച്ചു. വാഹനത്തിന്റെ തനത് ഓഫ്റോഡ് ഡി.എൻ.എ അതുപോലെ നിലനിർത്തുകയും ചെയ്തു.