വാഹനപ്രേമികൾ കാത്തിരുന്ന വാഹനമാണ് ഥാർ. ഓഫ് റോഡര്‍ എന്നതിനൊപ്പം ഫാമിലി കാറായും ഉപയോഗിക്കാവുന്ന രീതിയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തി ഇപ്പേൾ ഇതാ ഥാർ 5-ഡോർ എത്തുന്നു. ഓഫ്-റോഡറിൽ നിന്നും ലൈഫ് സ്റ്റൈൽ വാഹനമായി മാറിയതോടെയാണ് ഥാറിന്റെ തലവര തെളിഞ്ഞത്. ഇനി പിന്നിലേക്ക് ആളെക്കൂടി എളുപ്പത്തിൽ കയറ്റാൻ സാധിക്കുന്നതോടെ വണ്ടിക്കുള്ള പ്രിയമേറും. ഓഗസ്റ്റ് 15ന് ഔദ്യോഗികമായി പുറത്തിറങ്ങുന്ന ഥാര്‍ റോക്‌സിന്റെ ചിത്രങ്ങളും പവര്‍ട്രെയിന്‍ വിശദാംശങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി ഥാര്‍ റോക്‌സിനെ അണിയറയില്‍ മഹീന്ദ്ര ഒരുക്കി കൊണ്ടിരിക്കുകയാണ്. മഹീന്ദ്രയുടെ എക്കാലത്തേയും വിജയിച്ച വാഹനങ്ങളിലൊന്നായ 3 ഡോര്‍ ഥാറിന്റെ പാത തന്നെ 5 ഡോര്‍ ഥാറും പിന്തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സ്വാന്ത്ര്യദിനമായ ഓഗസ്റ്റ് 15ന് പ്രധാന പ്രഖ്യാപനങ്ങള്‍ നടത്തുന്ന മഹീന്ദ്രയുടെ ശീലത്തിന്റെ ഭാഗമായി വരുന്ന സ്വാതന്ത്ര്യ ദിനത്തിലാണ് റോക്‌സിന്റെ വിശദാംശങ്ങളും കമ്പനി ഔദ്യോഗികമായി പുറത്തുവിടുക. ഓഗസ്റ്റ് 15 മുതല്‍ തന്നെയാവും വാഹനത്തിന്റെ ഔദ്യോഗിക ബുക്കിങും ആരംഭിക്കുക. അങ്ങനെയാണെങ്കിലും അനൗദ്യോഗികമായി ചില ഡീലര്‍മാര്‍ പ്രീ ബുക്കിങും ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. പുതുക്കിയ ഫ്രണ്ട് ഗ്രിൽ, ഹെഡ്‌ലൈറ്റുകൾ, അലോയ് ഡിസൈൻ എന്നിവയെല്ലാം ഥാർ റോക്‌സിനെ സവിശേഷമാക്കുന്നുണ്ട്. ബ്ലാക്ക്, വൈറ്റ് എന്നീ രണ്ട് കളർ ഓപ്ഷനുകളാണ് ഔദ്യോഗിക ചിത്രങ്ങളിൽ കാണാനാവുന്നത്. മുന്നിലേയും പിന്നിലേയും വീലുകൾക്കിടയിൽ ഇടംപിടിച്ചിരിക്കുന്ന സൈഡ് സ്റ്റെപ്പിലെ സിൽവർ അലങ്കാരവും മനോഹരമായി തന്നെയാണ് പൂർത്തിയാക്കിയിരിക്കുന്നത്. കാറ്റ് മിൽ പോലെയുള്ള അലോയ് ഡിസൈൻ ഥാർ റോക്‌സിനെ വേറിട്ടുനിർത്തും.
mHawk Gen2 ഡീസല്‍ എന്‍ജിനാണ് ഥാര്‍ റോക്‌സിലെത്തുക. 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ 150എച്ച്പി മുതല്‍ 172 എച്ച്പി വരെ കരുത്തും 330എന്‍എം മുതല്‍ 380എന്‍എം വരെ പരമാവധി ടോര്‍ക്കും വിവിധ മോഡലുകള്‍ക്കായി പുറത്തെടുക്കും. സ്‌കോര്‍പിയോ എന്‍, എക്‌സ് യു വി 700 എന്നിവയില്‍ ഉപയോഗിക്കുന്ന 2.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് മറ്റൊരു എന്‍ജിന്‍ ഓപ്ഷന്‍. എന്‍ട്രി ലെവല്‍ മോഡലില്‍ 160 എച്ച്പി കരുത്തും 330എന്‍എം ടോര്‍ക്കും പുറത്തെടുക്കും. ഉയര്‍ന്ന വകഭേദത്തില്‍ ഇതേ എന്‍ജിന്‍ 175എച്ച്പി കരുത്തും 380എന്‍എം ടോര്‍ക്കുമാണ് പുറത്തെടുക്കുക. കൂടുതല്‍ വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാംപ്, 360 ഡിഗ്രി ക്യാമറ, പുഷ് ബട്ടന്‍ സ്റ്റാര്‍ട്ട്, ഫ്രണ്ട് ആന്റ് സെന്റര്‍ ആംറെസ്റ്റ്, ലെതറേറ്റ് സീറ്റ് അപ്പോള്‍സ്ട്രി, റിയര്‍ എസി വെന്റുകള്‍, ആറ് എയര്‍ബാഗുകള്‍, പനോരമിക് സണ്‍റൂഫ് എന്നിവയാണ് പ്രധാന ഫീച്ചറുകള്‍.
സുരക്ഷയുടെ കാര്യത്തിലും ഥാര്‍ റോക്‌സ് പിന്നിലല്ല. അഡാസ് ലെവല്‍ 2 സുരക്ഷാ ഫീച്ചറുകളാണ് ഥാര്‍ റോക്‌സില്‍ മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്. പിന്നിലും ഡിസ്‌ക് ബ്രേക്കുകളും ഥാര്‍ റോക്‌സിലുണ്ടാവും. നിലവിലുള്ള 3-ഡോർ മോഡലുകളേക്കാൾ വില അൽപ്പം കൂടുതലായിരിക്കും വരാനിരിക്കുന്ന മഹീന്ദ്ര ഥാർ റോക്സ് 5-ഡോറിനുണ്ടാവുക. ലോഞ്ച് ചെയ്യുമ്പോൾ ലൈഫ് സ്റ്റൈൽ ഓഫ്-റോഡ് എസ്‌യുവികളിൽ മാരുതി സുസുക്കി ജിംനി, ഫോഴ്‌സ് ഗൂർഖ എന്നിവയോടാവും മഹീന്ദ്രയുടെ തുടർന്നുള്ള മത്സരം.