പത്തനംതിട്ട : കോന്നി പോപ്പുലര്‍ ഫൈനാന്‍സ് ഉടമ തോമസ് ഡാനിയലിന്റെ അടവ് തന്നെ അനുകരിച്ച് പത്തനംതിട്ട തറയില്‍ ഫിനാന്‍സ് ഉടമ സജി സാമും. തറയില്‍ ഫൈനാന്‍സ് ഉടമ നിക്ഷേപകര്‍ക്കു നല്‍കിയത് കടലാസ് കമ്പിനികളുടെ രസീതുകള്‍ എന്ന് സംശയം. തറയില്‍ ഫിനാന്‍സ് ഉടമ മുങ്ങിയത് നൂറു കോടിയിലധികം രൂപയുടെ നിക്ഷേപവുമായിട്ടെന്ന് പ്രാഥമിക നിഗമനം. പത്തനംതിട്ട കേന്ദ്രമാക്കി രജിസ്റ്റര്‍ ചെയ്ത തറയില്‍ ഫിനാന്‍സിന് മൂന്നു ശാഖകള്‍ കൂടിയുണ്ട്. അടൂര്‍, പത്തനാപുരം, ഓമല്ലൂര്‍. എന്നിവയാണ് ഇത്. 14 കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു. അമ്പതോളം പരാതികള്‍ വേറെയും എത്തിയിട്ടുണ്ട്. ലഭിച്ച പരാതികള്‍ പ്രകാരം 49 കോടി രൂപയുടെ തട്ടിപ്പാണ് വെളിയില്‍ വന്നിരിക്കുന്നത്. ഇനിയുള്ള പരാതികളില്‍ കൂടി കേസ് രജിസ്റ്റര്‍ ചെയ്യുന്നതോടെ തട്ടിപ്പ് 100 കോടിക്ക് മുകളില്‍ എത്തുമെന്നാണ് കരുതുന്നത്.
ഓമല്ലൂര്‍ സ്വദേശിയായ സജി സാം ആണ് സ്ഥാപന ഉടമ. കോന്നി വകയാര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന പോപ്പുലര്‍ ഫിനാന്‍സിന്റെ തകര്‍ച്ചയ്ക്ക് പിന്നാലെയാണ് തറയില്‍ ഫിനാന്‍സും പ്രതിസന്ധിയിലായത്. നിക്ഷേപകരില്‍ നിന്ന് 12 ശതമാനം പലിശയ്ക്ക് സ്വീകരിച്ച കോടികള്‍ സജി സാം 15 ശതമാനം പലിശയ്ക്ക് പോപ്പുലര്‍ ഫിനാന്‍സില്‍ നിക്ഷേപിച്ചിരുന്നു. പോപ്പുലര്‍ ഉടമകളുടെ അടുത്ത ബന്ധു കൂടിയാണ് സജി സാം. പത്തനംതിട്ട രജിസ്‌ട്രേഡ് ഓഫീസിന് പുറമേ ഓമല്ലൂര്‍, അടൂര്‍, പത്തനാപുരം എന്നിവിടങ്ങളില്‍ തറയില്‍ ഫിനാന്‍സിന് ശാഖകളുണ്ട്. 1991 ല്‍ സ്വര്‍ണ പണയവുമായി ആരംഭിച്ച തറയില്‍ ഫിനാന്‍സ് പിന്നീട് നോണ്‍ബാങ്കിങ് സ്ഥാപനമായി രജിസ്റ്റര്‍ ചെയ്ത് നിക്ഷേപം സ്വീകരിക്കുകയായിരുന്നു. തട്ടിപ്പിന് പോപ്പുലര്‍ ഫിനാന്‍സ് ഉപയോഗിച്ച അതേ തന്ത്രമാണ് സജിയും സ്വീകരിച്ചത്. നിക്ഷേപകര്‍ക്ക് നല്‍കിയിരുന്ന സര്‍ട്ടിഫിക്കറ്റ് എല്‍എല്‍പി ആയിരുന്നുവെന്നാണ് അറിയുന്നത്. ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ ഷിപ്പ് ആയതിനാല്‍ നിക്ഷേപകര്‍ ഷെയര്‍ ഹോള്‍ഡര്‍മാര്‍ ആയി മാറും. കമ്പിനിക്ക് ലാഭമോ നഷ്ടമോ സംഭവിച്ചാല്‍ അത് ഷെയര്‍ ഹോള്‍ഡര്‍മാര്‍ സഹിക്കേണ്ടി വരും.
അടൂര്‍ പോലീസ് സ്റ്റേഷനില്‍ പത്തും പത്തനംതിട്ടയില്‍ നാലും കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പത്തനംതിട്ടയില്‍ നിന്ന് 30 കോടിയും ഓമല്ലൂരില്‍ നിന്ന് 13 കോടിയും അടൂരില്‍ നിന്ന് ആറു കോടിയും തട്ടിയെടുത്തിട്ടുണ്ട്. ഇതു വരെ ലഭിച്ച പരാതികള്‍ പ്രകാരമുള്ള കണക്കാണിത്. പത്തനംതിട്ട പോലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ഇന്നലെ ഓമല്ലൂരിലെ ശാഖയില്‍ പരിശോധന നടത്തി. മാനേജരെ വിളിച്ചു വരുത്തി സ്ഥാപനം തുറന്ന് ലൈസന്‍സും നിക്ഷേപത്തിന് നല്‍കിയ സര്‍ട്ടിഫിക്കറ്റുകളുടെ വിശദാംശങ്ങളുമാണ് പരിശോധിച്ചത്. പത്തനംതിട്ട ഹെഡ് ഓഫീസില്‍ വരും ദിനങ്ങളില്‍ പരിശോധന ഉണ്ടാകും.
അതേ സമയം നിക്ഷേപകരെ പറഞ്ഞു പറ്റിച്ചാണ് ഉടമ സജി സാം മുങ്ങിയിരിക്കുന്നതെന്ന വിവരവും വെളിയില്‍ വന്നു. ഓമല്ലൂരില്‍ ഇദ്ദേഹത്തിന്റെ പേരിലുള്ള രണ്ടു വസ്തുക്കള്‍ വിറ്റ് പണം കൈക്കലാക്കിയ ശേഷമാണ് കുടുംബ സമേതം സ്ഥലം വിട്ടത്. സജിയും കുടുംബവും ഇന്ത്യ വിട്ടെന്ന അഭ്യൂഹവും ശക്തമാണ്. ഓമല്ലൂരിലുള്ള വസ്തു വകകള്‍ വിറ്റ ശേഷം പണം മടക്കി നല്‍കാമെന്നാണ് നിക്ഷേപകരോട് പറഞ്ഞിരുന്നത്. അതു കൊണ്ടാണ് രണ്ടു മാസം മുമ്പ് പരാതി നല്‍കിയവര്‍ പോലും കേസെടുക്കുന്നത് സാവകാശത്തില്‍ മതിയെന്ന് പോലീസിന്റെ സാന്നിധ്യത്തില്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പറഞ്ഞിരുന്നത്.
പണം മടക്കി കിട്ടുമെന്ന് വിശ്വസിച്ചിരുന്നവരെ പറ്റിച്ചാണ് വസ്തു വില്‍പ്പന നടത്തിയ പണവുമായി ഉടമ മുങ്ങിയത്. വസ്തുവിന്റെ ആധാരം നടത്തിയെങ്കിലും ലോക്ഡൗണ്‍ കാരണം പോക്കുവരവ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇതു കാരണം വസ്തു വാങ്ങിയവര്‍ വെട്ടിലാകാനും സാധ്യതയുണ്ട്. നിക്ഷേപകരുടെ പരാതി പ്രകാരം പോലീസിന് വേണമെങ്കില്‍ കോടതിയെ സമീപിച്ച് ഈ വസ്തു അറ്റാച്ച് ചെയ്യാം. അങ്ങനെ വന്നാല്‍ ഇപ്പോള്‍ വസ്തു വാങ്ങിയവര്‍ക്കും വലിയ നഷ്ടം നേരിടേണ്ടി വരും.
ലോക്ഡൗണിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയാണ് സ്ഥാപനത്തിന്റെ പെട്ടെന്നുള്ള തകര്‍ച്ചയ്ക്ക് കാരണമായത്. പോപ്പുലറിന്റെ തകര്‍ച്ചയ്ക്ക് പിന്നാലെ ആളുകള്‍ കൂട്ടത്തോടെ നിക്ഷേപം പിന്‍വലിക്കാന്‍ എത്തി. മറ്റു പലയിടത്തായി നിക്ഷേപിച്ചിരുന്ന പണം തിരിച്ചു കിട്ടാത്തതിനാല്‍ നിക്ഷേപകര്‍ എത്തിയപ്പോള്‍ മടക്കി നല്‍കാനും കഴിയാതെ വന്നു. പണം കിട്ടാതെ വന്നപ്പോഴാണ് പലയിടത്തായി കേസ് കൊടുത്തത്. ആദ്യം കൊടുത്ത പരാതിയില്‍ ഉടമയെയും നിക്ഷേപകരെയും പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി ചര്‍ച്ച നടത്തിയിരുന്നു.
പണം തിരികെ നല്‍കാമെന്ന് രേഖാമൂലം ഉടമ ഉറപ്പു നല്‍കി. അവധി പറഞ്ഞ ദിവസം പണം മടക്കി കിട്ടാതെ വന്നതോടെ നിക്ഷേപകര്‍ വീണ്ടും പോലീസിനെ സമീപിച്ചു. ജില്ലാ പോലീസ് മേധാവി ഇടപെട്ട് ഉത്തരവ് നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് കേസുകള്‍ ഓരോന്നായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ പല വന്‍കിട സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും കാലതാമസം ഇല്ലാതെ തന്നെ താഴുവീഴും അല്ല താഴു വീഴ്ത്തും.