പത്തനംതിട്ട : തറയില്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ഉടന്‍ ആരംഭിക്കും. ബഡ്സ് ആക്‌ട് വകുപ്പുകള്‍ കൂടി കേസില്‍ ചേര്‍ക്കും. തട്ടിപ്പ് കേസില്‍ ഒന്നാം പ്രതി സജി സാം ജയിലിലാണ്. രണ്ടാം പ്രതിയും ഭാര്യയുമായ റാണി സജിയിലേക്ക് ഇതുവരെ അന്വേഷണം എത്തിയിട്ടുമില്ല. ഇതിനിടയില്‍ പണം തിരികെ കിട്ടുമോയെന്ന നിക്ഷേപകരുടെ ആശങ്കയും ഒരു ഭാഗത്ത് നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നിലവില്‍ സര്‍ക്കാര്‍ പരിഗണനയിലിരിക്കുന്ന ക്രൈം ബ്രാഞ്ച് അന്വേഷണ ശുപാര്‍ശ ഉടന്‍ നടപ്പില്‍ വരുത്താന്‍ നീക്കം. ഇതിനിടെ ബഡ്സ് ആക്‌ട് കൂടി ചേര്‍ത്ത് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അന്വേഷണ ശുപാര്‍ശ മാറ്റി നല്‍കിയിട്ടുണ്ട്.
പണം തിരികെ കിട്ടുമോയെന്ന നിക്ഷേപകരുടെ സംശയ ദുരീകരണം കൂടിയാണ് പോലീസിനെ ഇതിന് പ്രേരിപ്പിച്ചത്. പത്തനംതിട്ട, അടൂര്‍, പത്തനാപുരം സ്റ്റേഷനുകളിലായി ഇതുവരെ 250 ലധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. 80 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് കണക്കാക്കുന്നത്. ദിവസ വരുമാനക്കാരും പെന്‍ഷന്‍കാരും പ്രവാസികളുമായി നൂറുകണക്കിനു പേരാണ് തട്ടിപ്പിന് ഇരയായത്. ഇതില്‍ സ്ഥാപനത്തിലെ ജീവനക്കാരായിരുന്നവരും അവരുടെ കുടുംബാംഗങ്ങളുമുണ്ട്.