കൊച്ചി : പത്തനംതിട്ട തറയില്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ നിക്ഷേപകര്‍ ഹൈക്കോടതിയെ സമീപിച്ചു. പ്രധാന പ്രതി സജി സാമിന്റെ ജാമ്യ ഹര്‍ജിയില്‍ തടസ്സവാദവുമായാണ് അമ്പതോളം വരുന്ന നിക്ഷേപകര്‍ കക്ഷി ചേര്‍ന്നത്. സജി സാമിന്റെ ഭാര്യ റാണി സജിക്ക് വേണ്ടി മുന്‍കൂര്‍ ജാമ്യാപേക്ഷയും സമര്‍പ്പിച്ചു. 100 കോടിയോളം രൂപയുടെ തട്ടിപ്പാണ് നടന്നിട്ടുള്ളത്. ആകെ 216 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എല്ലാ കേസുകളും ഒറ്റ എഫ്.ഐ.ആര്‍ ആയി പരിഗണിക്കണമെന്ന ആവശ്യവും തറയില്‍ ഫിനാന്‍സിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഉന്നയിച്ചിട്ടുണ്ട്. ഈ വിവരവും കോടതിയെ ധരിപ്പിച്ചു. ഈ മാസം 27 ന് കോടതി വിശദമായ വാദം കേള്‍ക്കും.
പ്രമുഖ അഭിഭാഷക ഗ്രൂപ്പായ ന്യൂട്ടന്‍സ് ലോ ആണ് നിക്ഷേപകര്‍ക്കുവേണ്ടി ഹാജരാകുന്നത്. പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ നിക്ഷേപകര്‍ക്കു വേണ്ടി വാദിക്കുന്ന സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകന്‍ മനോജ് വി.ജോര്‍ജ്ജും കേരള ഹൈക്കോടതിയിലെ അഭിഭാഷകന്‍ രാജേഷ് കുമാര്‍ ടി.കെ യുമാണ് ഈ കേസിലും ഹാജരാകുന്നത്. പോപ്പുലര്‍ ഉടമകള്‍ക്ക് വേണ്ടി ഹാജരായ അഡ്വ.സി.എസ് മനു ആണ് തറയില്‍ ഫിനാന്‍സ് പ്രതികള്‍ക്ക് വേണ്ടി വാദിക്കുന്നത്.
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ തറയില്‍ ഫിനാന്‍സ് തട്ടിപ്പിന്റെ വ്യാപ്തി വളരെ കുറവാണെന്നും അതുകൊണ്ടുതന്നെ പരാതിക്കാരും വളരെ കുറവാണെന്ന് അഡ്വ.രാജേഷ് കുമാര്‍ ടി.കെ പറഞ്ഞു. തറയില്‍ ഫിനാന്‍സിലെ നിക്ഷേപകരില്‍ വലിയൊരു വിഭാഗം പ്രതികളുടെ സുഹൃത്തുക്കളും ബന്ധുക്കളുമാണെന്നാണ് സൂചന. അതുകൊണ്ടുതന്നെ പരാതി നല്‍കുവാന്‍ പലരും തയ്യാറാകുന്നില്ലെന്നും അദ്ദേഹം പത്തനംതിട്ട മീഡിയായോട് പറഞ്ഞു.