ആയിരം വർഷത്തോളം പഴക്കമുള്ള വിത്തില്‍നിന്നും പ്രത്യേകയിനം മരത്തിന് പുതുജീവൻ നല്‍കി ശാസ്ത്രജ്ഞർ. 1980-കളുടെ അവസാനത്തില്‍ ചാവുകടലിനടുത്തുള്ള ജൂഡിയൻ മരുഭൂമിയില്‍ നടത്തിയ പുരാവസ്തു ഖനനത്തിലാണ് ഗവേഷകർക്ക് ഈ വിത്ത് കിട്ടിയത്. എ.ഡി. 993-1202-നിടയില്‍ രൂപപ്പെട്ടതാണ് ഈ വിത്ത് എന്നാണ് കരുതുന്നത്. രണ്ട് സെന്റിമീറ്റർ വലിപ്പമുണ്ടായിരുന്ന വിത്ത് ജൂഡിയൻ മരുഭൂമിയിലെ ഒരു ഗുഹയില്‍നിന്നുമാണ് ഗവേഷകർക്ക് ലഭിച്ചത്. കമ്യൂണിക്കേഷൻസ് ബയോളജി എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. 14 വർഷത്തോളം പരിപാലിച്ചാണ് ശാസ്ത്രജ്ഞർ മരത്തെ വളർത്തിയത്. 2010-ലാണ് വിത്ത് നട്ടത്. മരത്തിന് ഇപ്പോള്‍ 10 അടി ഉയരമുണ്ട്. വംശനാശം സംഭവിക്കുന്നതിന് മുന്നേ, പലസ്തീനിലും ജോർദാനിലും ഇന്നത്തെ ഇസ്രയേലിന്റെ ചാവുകടലിനോട് ചേർന്ന് കിടക്കുന്ന ഭാഗങ്ങളിലുമാകാം ഈ മരം വളർന്നിരുന്നത് എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഷേബാ എന്ന് പേരിട്ടിരിക്കുന്ന ഈ മരം ബൈബിളില്‍ പരാമർശിച്ചിട്ടുള്ളതാണ് എന്നും അവർ വാദിക്കുന്നു.
ഷേബാ മരത്തിന്റെ ഇലകള്‍ക്ക് ശക്തിയേറിയ ഔഷധഗുണങ്ങളുണ്ട് എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. രാസപരീക്ഷണങ്ങള്‍ നടത്തിയതില്‍നിന്നും ഷേബാ മരത്തിന്റെ ഇലകളില്‍ നീർവീക്കം തടയാനും കാൻസറിനെ പ്രതിരോധിക്കാനും ശേഷിയുള്ള രാസസംയുക്തങ്ങളുടെ സാന്നിധ്യം കണ്ടെത്തിയെന്നാണ് ശാസ്ത്രജ്ഞരുടെ വാദം. ഈ മരത്തിന്റെ തൊലിയില്‍ ഗ്ലൈക്കോലിപിഡ് സംയുക്തങ്ങള്‍ ഉള്ളതായും തിരിച്ചറിഞ്ഞിട്ടുണ്ട്. ബൈബിളില്‍ സോരി (tsori) എന്ന് പരാമർശിച്ചിട്ടുള്ള രോഗശാന്തി നല്‍കുന്ന മരക്കറ ഷേബാ മരവും ഉത്പാദിപ്പിക്കുമെന്നും ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. മാത്രമല്ല, ബൈബിളില്‍ ‘ബാം ഓഫ് ഗീലാഡ്’ (Balm of Gilead) എന്ന സുഗന്ധമുള്ള മരക്കറ ഉത്പാദിപ്പിക്കുന്ന കോമിഫോറ സ്പീഷീസുമായും ഷേബാ മരത്തിന് ബന്ധമുണ്ടെന്നും ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു.