ബാംഗളൂർ: മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ക്രിസ്ത്യൻ സ്റ്റുഡൻറ് മൂവ്മെന്റിന്റെ ബാംഗളൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി യൂണിറ്റിന്റെ പത്താം വാർഷിക ആഘോഷങ്ങൾ ഓഗസ്റ്റ് 4-ന് വിശുദ്ധ കുർബാനയോട് കൂടി ഭക്തിനിർഭരമായി ഉദ്ഘാടനം ചെയ്തു. 2014-ൽ ആരംഭിച്ച ഈ യൂണിറ്റ് ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ആരാധന, പഠനം, സേവനം എന്നീ മൂല്യങ്ങളെ ആസ്പദമാക്കി പ്രവർത്തിക്കുന്നു. വിശുദ്ധ കുർബാന ബാംഗ്ലൂർ ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ ഗീവർഗീസ് മാർ പീലക്സിനോസ് പ്രധാന കാർമ്മികത്വം വഹിച്ചു. തുടർന്ന് നടന്ന സമ്മേളനം വയനാട് ദുരന്ത ബാധിതർക്ക് വേണ്ടി പ്രാർത്ഥന നടത്തി ആരംഭിച്ചു. അഭിവന്ദ്യ പിതാവ് ഉദ്ഘാടനം നിർവഹിച്ചു ക്രൈസ്റ്റ് എംജിഒസിസ്എം നടത്തുന്ന പ്രവർത്തനങ്ങളിൽ പിതാവിൻറെ തൃപ്തിയും ഹൃദയംഗമായ അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.
സമ്മേളനത്തിന് ബാംഗ്ലൂർ സ്റ്റുഡൻസ് സെന്റർ ഡയറക്ടർ & ചാപ്ലിൻ ബഹു. ഫാ. ജേക്കബ് വർഗീസ് അധ്യക്ഷത വഹിച്ചു. “ക്രിസ്തുവിൽ വളരുക, ശിഷ്യത്വത്തിൽ നടക്കുക” എന്ന ഈ വർഷത്തെ വിഷയം അദ്ദേഹം അവതരിപ്പിച്ചു. ക്രൈസ്റ്റ് യൂണിവേഴ്സിറ്റി അധ്യാപകനായ ശ്രീ. സാബു ജോൺ ക്രൈസ്റ്റ് എംജിഒസിസ്എം-ന്റെ ചരിത്രം ലഘുവായി വിവരിച്ചു. പുതിയതായി ചേർന്ന വിദ്യാർത്ഥികളെ പ്രാർത്ഥനയോടെ സ്വാഗതം ചെയ്തു. ക്രൈസ്റ്റ് എംജിഒസിഎസ്എം വെബ്സൈറ്റ്, പത്താം വാർഷിക ലോഗോ എന്നിവ പ്രകാശനം ചെയ്തു. ഡീക്കൺ ഡെന്നിസ് റെജി, ഡീക്കൺ ആരൺ ജോഷ്വാ ജോൺ, ഡോ. ആലസ് മാണി, ഡോ. നിഷ ജെയിംസ്, ഡോ. ബ്ലെസ്സി വർഗ്ഗീസ്, ശ്രീമതി ആനി ജോർജ് എന്നിവരും ബാംഗ്ലൂരിലെ വിവിധ കോളേജുകളിൽ നിന്നും യൂണിവേഴ്സിറ്റികളിൽ നിന്നും വിദ്യാർത്ഥികൾ സംബന്ധിച്ചു. യൂണിറ്റ് സെക്രട്ടറി കൃപ റേച്ചൽ, ജെറിൻ ജോർജ് എന്നിവർ യോഗത്തിന് നന്ദി അറിയിച്ചു.