ന്യൂഡൽഹി : രാജ്യത്ത് സംയുക്ത തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് തുടങ്ങി. അർധരാത്രി 12 മണിക്ക് ആരംഭിച്ച ദേശീയ പണിമുടക്ക് കേരളത്തിൽ ബന്ദിന് സമാനമാകാൻ സാധ്യത. 17 ആവശ്യങ്ങളുയർത്തി 10 തൊഴിലാളി സംഘടനകളും കർഷക സംഘടനകളും സംയുക്തമായാണ് അർധരാത്രി മുതൽ രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
പുതിയ 4 ലേബർ കോഡ് കൊണ്ടുവരുന്നതടക്കം തൊഴിലാളി വിരുദ്ധമായ കേന്ദ്രസർക്കാർ നടപടികളിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് എന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു. എല്ലാ സംഘടിത തൊഴിലാളികൾക്കും കരാർ തൊഴിലാളികൾക്കും സ്കീം വർക്കർമാർക്കും പ്രതിമാസം 26,000 രൂപ മിനിമം വേതനം ഉറപ്പാക്കുക, പൊതുമേഖലാ സംരംഭങ്ങൾ സ്വകാര്യവൽക്കരിക്കുന്ന നയത്തിൽ നിന്ന് സർക്കാർ പിൻവാങ്ങുക എന്നിവയും ആവശ്യങ്ങളിൽ ഉൾപ്പെടുന്നു.