കായംകുളം: രാത്രിയിൽ വീടിന്റെ കതക് ചവിട്ടിത്തുറന്ന് ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയെ പീഡിപ്പിച്ചശേഷം എട്ട് പവൻ ആഭരങ്ങൾ കവർന്ന സംഭവത്തിൽ കുപ്രസിദ്ധ കുറ്റവാളിയെ കനകക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടല്ലൂർ തെക്ക് കാട്ടുപറമ്പിൽ സുധാഭവനിൽ ധനേഷാണ് (29) അറസ്റ്റിലായത്. ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. കനകക്കുന്ന് പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ കിളിമുക്കിൽ താസിക്കുന്ന എഴുപതുകാരിയായ വിധവയാണ് ക്രൂരപീഡനത്തിന് ഇരയായത്. ആളൊഴിഞ്ഞ പ്രദേശത്താണ് വീട്. രാത്രി പത്തുമണിവരെ വീടിന് സമീപം ഒളിച്ചിരുന്ന പ്രതി, വാതിലിൽ മുട്ടുകയും തുറക്കാതെ വന്നതോടെ കതക് ചിവിട്ടിപ്പൊളിച്ച് അകത്ത് കയറുകയുമായിരുന്നു. വൃദ്ധ അലറി വിളിച്ചെങ്കിലും ആരും കേട്ടില്ല.
വൃദ്ധയുടെ കണ്ണിൽ മുളക് പൊടി എറിഞ്ഞശേഷം ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് പന്ത്രണ്ട് മണിയോടെ, വൃദ്ധ ധരിച്ചിരുന്ന എട്ട് പവനോളം വരുന്ന മാല, മൂന്ന് വളകൾ, കമ്മൽ എന്നിവ കത്തി കാട്ടി ഭീഷണിപ്പെടുത്തി ഊരി വാങ്ങിയശേഷം മുറിയുടെ വാതിൽ പൂട്ടി രക്ഷപ്പെടുകയായിരുന്നു. രാത്രി മുഴുവൻ അലറി വിളിച്ചിട്ടും ആരും രക്ഷിക്കാനെത്തിയില്ല.ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ തൊട്ടടുത്ത പറമ്പിൽ പശുവിനെ തീറ്റാനെത്തിയ യുവാവിനെ വിളിച്ച് കാര്യം പറഞ്ഞതോടെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി വൃദ്ധയെ ആശുപത്രിയിലേക്ക് മാറ്റി. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള വൃദ്ധ സുഖം പ്രാപിച്ചുവരുന്നു.