ചെങ്ങന്നൂര്‍: റെയിൽവേ സ്റ്റേഷന്‍ റോഡിൽ നിന്നും വണ്ടിമല ദേവീക്ഷേത്രത്തിലേക്കുള്ള വഴിയുടെ അരികിൽ സ്ഥാപിച്ചിരുന്നതും വര്‍ഷങ്ങളായി വിശ്വാസികൾ പാവനമായി കരുതി ആരാധനയുടെ ഭാഗമായി വിളക്കു കത്തിച്ചു വന്നിരുന്നതുമായ ശിലാനാഗ വിളക്കാണ് പ്രതികള്‍ ഇളക്കിയെടുത്ത് പെരുങ്കുളം കുളത്തിൽ കൊണ്ടുപോയി ഉപേക്ഷിച്ചത്. ചെങ്ങന്നൂര്‍ തിട്ടമേൽ കണ്ണാട്ട് വീട്ടിൽ തൊമ്മി മകന്‍ രാജന്‍ കണ്ണാട്ട് എന്നു വിളിക്കുന്ന തോമസ് വര്‍ഗ്ഗീസ് (66), തിട്ടമേൽ കൊച്ചുകുന്നുംപുറത്ത് നാഗപ്പന്‍ ആചാരി മകന്‍ രാജേഷ് എന്നു വിളിക്കുന്ന ശെൽവന്‍, പാണ്ടനാട് കീഴ് വന്മഴി കളക്കണ്ടത്തിൽ വീട്ടിൽ ഈശോ വര്‍ഗ്ഗീസ് മകൻ കുഞ്ഞുമോൻ (49) എന്നിവരാണ് അറസ്റ്റിലായത്. റെയിൽവേ സ്റ്റേഷന്‍ റോഡിൽ 1-ാം പ്രതി രാജന്‍ കണ്ണാട്ടിന്റെ വകയായുള്ള വ്യാപാരസമുച്ചയത്തിനു കൂടുതൽ സൗകര്യങ്ങളുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ഷേത്രത്തിന്റെ വക ശിലാനാഗവിളക്ക് രാത്രിയിൽ രഹസ്യമായി നീക്കം ചെയ്തത്. രണ്ടും മൂന്നും പ്രതികള്‍ക്ക് പണം നൽകി കൃത്യം ചെയ്യിക്കുകയായിരുന്നു. സ്ഥലത്തു നിന്നും പിഴുതെടുത്ത ശിലാവിളക്ക് രണ്ടും മൂന്നും പ്രതികള്‍ സ്റ്റേഡിയം ഭാഗത്തുള്ള പെരുങ്കുളത്തിൽ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു.
ക്ഷേത്ര ഭരണസമിതി സെക്രട്ടറിയുടെ പരാതിയെത്തുടര്‍ന്ന് 25ന് രാത്രി രജിസ്റ്റര്‍ ചെയ്ത കേസിൽ സംഗതിയുടെ ഗൗരവവും വിശ്വാസികളുടെ വികാരവും കണക്കിലെടുത്ത് ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന്‍ ഐ.പി.എസ് ന്റെ കര്‍ശനനിര്‍ദ്ദേശാനുസരണം ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി എം.കെ. ബിനുകുമാറിന്റെയും ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ. വിപിന്‍ എ.സി.യുടെയും നേതൃത്വത്തിലുള്ള പോലീസ് സംഘം രാത്രി തന്നെ ദ്രുതഗതിയിലുള്ള അന്വേഷണം നടത്തിയാണ് പ്രതികളെയും പ്രതികളുപേക്ഷിച്ച ശിലാവിളക്കും കണ്ടെത്തിയത്. 25 ന് രാത്രി 7 മണിക്ക് ശേഷമായിരുന്നു ഇരുട്ടിന്റെ മറവിൽ പ്രതികള്‍ കേസിനാസ്പദമായ കൃത്യം ചെയ്തത്. പ്രതികളുടെ പ്രവര്‍ത്തി സ്ഥലത്ത് ക്ഷേത്രവിശ്വാസികള്‍ക്കിടയിൽ കടുത്ത പ്രതിഷേധത്തിനിടയാക്കുകയുണ്ടായി.
കേസ് രജിസ്റ്റര്‍ ചെയ്ത ഉടനടി അന്വേഷണമാരംഭിച്ച് പ്രതികളെയും നീക്കം ചെയ്ത വിളക്കും കണ്ടെത്തുവാന്‍ കഴിഞ്ഞതും വിളക്ക് നിയമനടപടികള്‍ പൂര്‍ത്തിയാക്കി രാത്രി തന്നെ ക്ഷേത്ര ഭരണസമിതിക്ക് വിട്ടുകൊടുക്കുവാനും കഴിഞ്ഞത് സ്ഥലത്ത് സാമുദായിക സംഘര്‍ഷം ഉണ്ടാകാതെ തടയുന്നതിന് പോലീസിന് സഹായകമായി. വിളക്ക് നീക്കം ചെയ്ത സ്ഥാനത്തു തന്നെ ക്ഷേത്ര അധികാരികള്‍ പുനസ്ഥാപിച്ചു. ഇക്കാര്യത്തിൽ സാമുദായിക സ്പര്‍ദ്ധയുണ്ടാകാതിരിക്കുവാന്‍ പോലീസ് നിരീക്ഷണം നടത്തി വരുന്നു. മത സ്പര്‍ദ്ധയുണ്ടാകത്തക്കവിധം ആരാധനാലയങ്ങള്‍ക്കു നേരെയുള്ള കയ്യേറ്റങ്ങൾ തടയുന്നതിനുള്ള ഭാരതീയ ന്യായസംഹിതയിലെ 298 വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്റ് ചെയ്ത് മാവേലിക്കര സബ് ജയിലിൽ പാര്‍പിച്ചു.