റാന്നി: കാലിക പ്രസക്തിയുള്ള വിഷയങ്ങളിൽ ഊന്നൽ നൽകിക്കൊണ്ട് കുമ്പളാംപൊയ്ക വൈദിക ജില്ലാ യുവജന പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കരിക്കാട്ടൂർ സെന്റ്. മത്ഥ്യാസ് സി. എസ്. ഐ ദൈവാലയത്തിൽ റാന്നി എം.എല്‍.എ അഡ്വ. പ്രമോദ് നാരായൺ സി. എസ്. ഐ കുമ്പളാംപൊയ്ക വൈദിക ജില്ലാ യുവജന പ്രസ്ഥാനത്തിന്റെ 2024-25 വർഷത്തെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. ജില്ലാ ക്ലർജി കൺവീനർ റവ. ഹാപ്പി എബ്രഹാം അധ്യക്ഷത വഹിച്ചു. മഹായിടവക യുവജന പ്രസ്ഥാനം ജനറൽ സെക്രട്ടറി റവ. സിബി മാത്യു പ്രവർത്തന രൂപരേഖ പ്രകാശനം ചെയ്തു. രാജ്യത്ത് വർദ്ധിച്ചു വരുന്ന സ്ത്രീകൾക്കെതിരായ അക്രമങ്ങളിൽ അപലപിച്ചുകൊണ്ട് കുമ്പളാംപൊയ്ക ജില്ലാ യുവജന പ്രസ്ഥാനത്തിന്റെ പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു.
ബംഗാളിൽ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട യുവ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചുകൊണ്ടും രാജ്യത്ത് വർദ്ധിച്ചു വരുന്ന സ്ത്രീകൾക്കെതിരായ അക്രമണങ്ങളിൽ ഉത്കണ്ഠ പ്രകടിപ്പിച്ചുകൊണ്ടുമായിരുന്നു പ്രതിഷേധ സംഗമം. മണിമല ഗ്രാമപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ മോളി മൈക്കിൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചു സംസാരിച്ചു. മൺചിരാതുകൾ തെളിയിച്ചു കൊണ്ടും ഐക്യ ദാർഢ്യ പ്രതിജ്ഞയെടുത്തികൊണ്ടും യുവജനങ്ങൾ തങ്ങളുടെ ശക്തമായ പ്രതിഷേധവും നിലപാടും വ്യക്തമാക്കി. മഹായിടവക യുവജനപ്രസ്ഥാനം മുൻ ഭാരവാഹികളായ സാബു പുല്ലാട്, ജോമോൻ തെള്ളിയിൽ, യുവലോകം മാനേജർ ഷൈൻ ടി. മാത്യു, ജില്ലാ കൺവീനർ റവ. അജിൻ മാത്യു, ജില്ലാ സെക്രട്ടറിമാരായ ആൽബിൻ ജോൺ സാമുവൽ, ശ്രേയ എൽമ ജേക്കബ്, ആൽഫിൻ എം റെജി, വാർഡ് മെമ്പർ മോളി മൈക്കിൾ തുടങ്ങിയവർ സംസാരിച്ചു. വ്യത്യസ്തങ്ങളായ പതിനഞ്ചിന പ്രവർത്തനങ്ങൾക്കാണ് ജില്ലാ യുവജന പ്രസ്ഥാനം രൂപം നൽകിയിരിക്കുന്നത്. യുവജനങ്ങളുടെ ആത്മീയ വളർച്ചയും സാമൂഹിക പ്രതിബദ്ധതയും സമന്വയിപ്പിച്ചുള്ളതാണ് അടുത്ത പ്രവർത്തന വർഷത്തിലേക്കുള്ള പ്രവർത്തനങ്ങൾ.