പത്തനംതിട്ട : പൊതുജനങ്ങളുടെ സങ്കീർണമായ പ്രശ്നങ്ങൾ ചട്ടങ്ങളും നിയമങ്ങളും പാലിച്ച് പരമാവധി തീർപ്പാക്കുകയാണ് അദാലത്തുകളുടെ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ്. പത്തനംതിട്ട പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ജില്ലാതല തദ്ദേശ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്തനംതിട്ട നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ പുതുവൽ പ്രദേശത്തെ വീടുകൾ മണിമലയാറിൻ്റെ മറുകരയിലായതിനാൽ പഞ്ചായത്തിൻ്റെ സേവനങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്ന വിഷയത്തിൽ നെടുമ്പ്രം പഞ്ചായത്തിലെ വാർഡ് 13 ൽ ഉൾപ്പെട്ട 29 വീടുകൾ പഞ്ചായത്തിൻ്റ വസ്തു നികുതി നിർണയ രജിസ്റ്ററിൽ നിന്നും ഒഴിവാക്കി ആലപ്പുഴ ജില്ലയിലെ തലവടി ഗ്രാമപഞ്ചായത്തിന്റെ വസ്തുനികുതി നിർണയ രജിസ്റ്ററിൽ ഉൾപ്പെടുത്തി പ്രദേശവാസികളുടെ ചിരകാല ആവശ്യം പരിഹരിച്ചതായി മന്ത്രി അറിയിച്ചു. ഇതിൻ്റെ ഉത്തരവ് കൈമാറിയാണ് മന്ത്രി അദാലത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.
പത്തനംതിട്ടയടക്കം 13 ജില്ലകളിലായി നടന്ന 16 അദാലത്തുകളിലൂടെ പതിനായിരകണക്കിന് പരാതികൾക്കാണ് പരിഹാരം കണ്ടത്. വയനാട് ജില്ലയിൽ പ്രകൃതി ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ അദാലത്ത് പിന്നീട് നടക്കും. അഡ്വ. കെ. യു. ജനീഷ് കുമാർ എംഎൽഎ അധ്യക്ഷനായ ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മുഖ്യാതിഥിയായി. അഡ്വ. പ്രമോദ് നാരായൺ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാജി പി രാജപ്പൻ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവ റാവു, അർബൻ ഡയറക്ടർ സൂരജ് ഷാജി, ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡൻ്റ് ആർ. തുളസീധരൻ പിള്ള, തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ കെ. രശ്മിമോൾ, തദ്ദേശസ്ഥാപന അധ്യക്ഷന്മാർ, അംഗങ്ങൾ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.