റാന്നി: നാട്ടുകാർ ചേർന്ന് പിരിവെടുത്ത് ബലപ്പെടുത്തിയ ശേഷം ഉദ്ഘാടനം ചെയ്തു തുറന്ന് കൊടുത്തതിന്റെ രണ്ടാം നാൾ പാലത്തിൻ്റെ അപ്രോച്ച് റോഡ് തകർന്നു. കടുമീന്‍ചിറ അത്തിക്കയം റോഡിന്‍റെ കരണംകുത്തി തോടിനു കുറുകെയുള്ള പാലത്തിന്‍റെ അപ്രോച്ച് റോഡാണ് തകര്‍ന്നത്. അതുവഴി ഇട്ടിരുന്ന പൈപ്പിലൂടെ വെള്ളം തുറന്നു വിട്ട വാട്ടർ അതോറിറ്റിയുടെ ചതിയാണ് അപ്രോച്ച് റോഡ് തകരാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. പാലത്തിൻ്റെ പണികൾക്കായി മുമ്പ് നിർമ്മാണ ചുതമതലയുള്ള റീ-ബിൽഡ് കേരള അധികൃതരുടെ അപേക്ഷയെ തുടർന്ന് മുറിച്ച് മാറ്റിയിരുന്ന പൈപ്പിലൂടെ വെള്ളം തുറന്ന് വിട്ടാണ് നാട്ടുകാരോട് വാട്ടർ അതോറിറ്റിയുടെ കൊടും ക്രൂരത അരങ്ങേറിയത്.
പെരുനാട് അത്തിക്കയം കുടിവെള്ള പദ്ധതിക്കായി സ്ഥാപിച്ചിരുന്ന എട്ട് ഇഞ്ചോളം വലിപ്പമുള്ള പൈപ്പിലൂടെ അതിശക്തമായി വെള്ളം വന്നതോടെ പാലത്തിൻ്റെ അപ്രോച്ച് റോഡ് തരുകയും താഴ്ന്നു പോകുകയും ചെയ്യുകയായിരുന്നു. വാഹനങ്ങൾ കടന്ന് പോകാതിരുന്നതു കൊണ്ട് അപകടം ഒഴിവായി. വാട്ടർ അതോറിറ്റി തന്നെ മുറിച്ചു മാറ്റിയ പൈപ്പ് നന്നാക്കാതെ വെള്ളം തുറന്ന് വിട്ടത് തികച്ചും അനാസ്ഥയാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. കൂടാതെ തങ്ങളുടെ സഞ്ചാര പാത വാട്ടർ അതോറിറ്റി പൂർണ്ണ സ്ഥിതിയിലാക്കി തരണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോപത്തിലേക്ക് കടക്കുമെന്നും നാട്ടുകാർ വ്യക്തമാക്കി. വാട്ടർ അതോറിറ്റി ഓഫീസ് ഉൾപ്പെടെ ഉപരോധിക്കാൻ ജനങ്ങൾ മുന്നിട്ടിറങ്ങും എന്ന് മനസ്സിലാക്കിയ ജനപ്രതിനിധികളും പോലീസും ഉൾപ്പെടെ വാട്ടർ അതോറിറ്റി അധികൃതരെ ബന്ധപ്പെട്ടപ്പോൾ തങ്ങൾക്ക് വീഴ്ച പറ്റിയതാണെന്നും പൈപ്പ് നന്നാക്കി റോഡ് പൂർണ്ണ സ്ഥിതിയിലാക്കി തരാമെന്നും ഉറപ്പ് കൊടുത്തിട്ടുണ്ട്.