കൊച്ചി: എ.ഡബ്ല്യൂ.എച്ച്.ഒ ഫ്‌ളാറ്റ് നിർമാണത്തിലെ അപാകത സംബന്ധിച്ച് സൈന്യം അന്വേഷണമാരംഭിച്ചു. നിർമാണ ക്രമക്കേട് അന്വേഷിക്കാൻ കോർട്ട് ഓഫ് എൻക്വയറി ഉത്തരവിട്ടു. കേണൽ ദ്വിഗ്‌വിജയ് സിംഗ് അധ്യക്ഷനായ സമിതിയേയും നിയോഗിച്ചു. ക്രമക്കേടിന്റെ ഉത്തരവാദികളെ കണ്ടെത്തണമെന്നും ഉത്തരവിലുണ്ട്. കൊച്ചിയിലെ 26 നിലകളുള്ള രണ്ട് ഫ്‌ളാറ്റ് സമുച്ചയങ്ങളിലാണ് നിർമാണത്തിൽ വൻ അപകാത കണ്ടെത്തിയത്. സൈന്യത്തിൽ നിന്നും വിരമിച്ചവരാണ് ഈ ഫ്‌ളാറ്റുകൾ വാങ്ങിയത്. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ആർമി വെൽഫയർ ഹൗസിങ് ഓർഗനൈസേഷൻ സൈനികർക്കായി നിർമ്മിച്ചു നൽകിയ കൊച്ചിയിലെ ചന്ദർ കുഞ്ച് പ്രോജക്റ്റാണ് താമസ യോഗ്യമല്ലാതായത്. വൈറ്റിലയിലെ സിൽവർ സാൻഡ് ഐലൻഡിൽ 2018ൽ നിർമാണം പൂർത്തിയാക്കി ഉടമസ്ഥർക്ക് കൈമാറിയ ഫ്ളാറ്റുകൾ നാല് വർഷം കൊണ്ട് തകർച്ചയുടെ വക്കിലെത്തി.
സൈനികർക്കും അവരുടെ കുടുംബങ്ങൾക്കുമായി 200 കോടി മുതൽ മുടക്കി നിർമ്മിച്ച ഫ്ളാറ്റ് സമുച്ചയം ഉപയോഗിക്കാനാകാത്ത അവസ്ഥയിലാണ്. 26 നിലകളിലായി സ്ഥിതി ചെയ്യുന്ന രണ്ട് ടവറുകളുടെയും അവസ്ഥ ആശങ്കജനകമാണ്. പൊട്ടിപൊളിഞ്ഞ ചുവരുകളും കോൺക്രീറ്റ് ഇളകി കമ്പികൾ തെളിഞ്ഞു കാണുന്ന സ്ലാബുകളും തകർന്ന് നിലയിലുള്ള ബീമുകളുമാണ് ഫ്ളാറ്റിലുള്ളത്. കോൺഗ്രീറ്റ് ഭാഗങ്ങൾ പലയിടത്തും തകർന്നു. വലിയ ടൈൽ കഷ്ണങ്ങൾ ഇളകി വീഴുന്നത് ഫ്ളാറ്റിൽ നിത്യസംഭവമായി മാറിയിരിക്കുന്നു. മൂന്ന് ടവറുകളുള്ള ഫ്ളാറ്റ് സമുച്ചയത്തിൽ 265 കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവരിൽ അധികവും നിലവിൽ സേനയിൽ ജോലി ചെയ്യുന്നവരും വിരമിച്ചവരോ ആണ്.