പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് വീട്ടമ്മ മരിച്ച സംഭവത്തിൽ രക്ഷാപ്രവർത്തനം വൈകിപ്പിച്ച ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജിന്റെ രാജി ആവശ്യപ്പെട്ട് സമാധാനപരമായി സമരം ചെയ്ത യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ജിതിൻ റ്റി നൈനാൻ ആറന്മുള മണ്ഡലം പ്രസിഡന്റ് ഏദൻ ജോർജ്ജ് എന്നിവരെ കള്ളക്കേസ് ചുമത്തി വീട്ടിൽ നിന്നും അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്ത പോലീസിന്റെ നടപടി ജനാധിപത്യ വിരുദ്ധവും ഭരണകൂട ഭീകരതയും ആണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.
ആരോഗ്യ വകുപ്പിനെ അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും കേളീരംഗമായി മാറ്റിയ മന്ത്രി രാജി വെയ്‌ക്കേണ്ടതിന് പകരം പോലീസിനെ ഉപയോഗിച്ച് ജനാധിപത്യ സമരങ്ങളെ അടിച്ചമർത്തുവാനാണ് ശ്രമിക്കുന്നതെന്നും ഇതിനൊക്കെ കൂട്ടുനില്ക്കുന്ന സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കൾ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ ഭീഷണിയും കൊലവിളി പ്രസംഗവും നടത്തുന്നതും മന്തിയെ ന്യായീകരിക്കുന്നതും മന്ത്രി പാർട്ടിക്കും ഇടതുമുന്നണിക്കും ഉണ്ടാക്കിയ അവമതിപ്പും നാണക്കേടും മറികടക്കുവാനാണെന്നും ഡി.സി.സി പ്രസിഡന്റ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ജില്ലയിൽ മന്ത്രിക്കെതിരായി ഡി.സി.സി യും യൂത്ത് കോൺഗ്രസും നടത്തിയ സമരത്തിന് നേതൃത്വം നല്കി എന്നതിന്റെ പേരിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു അടക്കമുള്ള നേതാക്കൾക്കെതിരെ സി.പി.എം ഡി.വൈ.എഫ്.ഐ നേതാക്കൾ നടത്തിയ കൊലവിളി പ്രസംഗം ഉന്മൂലന സിദ്ധാന്ത വാദികളായ ഇവരുടെ യഥാർത്ഥ മുഖം വെളിച്ചത്തു കൊണ്ടുവരുന്നതാണെന്നും കോൺഗ്രസ് നേതാക്കൾക്കെതിരായ ഭീഷണി വിലപ്പോവില്ലെന്നും ഡി.സി സി പ്രസിഡന്റ് പറഞ്ഞു.
ഉമ്മൻചാണ്ടി സർക്കാരിന്റെ ഭരണകാലത്ത് അനുവദിച്ച് പ്രവർത്തനം ആരംഭിച്ച കോന്നി മെഡിക്കൽ കോളജ് ഉൾപ്പെടെ ജില്ലയിലെ സർക്കാർ ആശുപത്രികൾ ആരോഗ്യവകുപ്പ് മന്ത്രിയുടെ കഴിവുകേടിന്റെ ബാക്കിപത്രമായി നിലനില്ക്കുമ്പോൾ ആന്റോ ആന്റണി എം.പി – യുടെ ശ്രമഫലമായി അനുവദിച്ച പത്തനംതിട്ട ജനറൽ ആശുപത്രി നവീകരണ ഫണ്ട് ഉൾപ്പെടെ കേന്ദ്ര ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പ്രവർത്തനങ്ങൾ കൂടി ഉൾപ്പെടുത്തി ആരോഗ്യ വകുപ്പ് ജില്ലയിൽ 970 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തി എന്ന സി.പി.എം ജില്ലാ സെക്രട്ടറിയുടെ അവകാശവാദം ആരാന്റെ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കുന്നതിന് തുല്യമാണെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
അബാൻ മേൽപ്പാലം, കോഴഞ്ചേരിപാലം ഉൾപ്പെടെ ആറന്മുള നിയോജക മണ്ഡലത്തിലെ കൊട്ടിഘോഷിച്ച് ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങൾ വർഷങ്ങളായി പൂർത്തിയാക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുന്ന മന്ത്രി വീണാ ജോർജ്ജ് കേരളത്തിന് പൊതുവായും പത്തനംതിട്ട ജില്ലക്ക് പ്രത്യേകിച്ചും അപമാനവും ബാദ്ധ്യതയുമാണെന്നും ജില്ലാ ആസ്ഥാനത്ത് യു.ഡി.എഫ് സർക്കാർ ആരംഭിച്ച ഗവണ്മെന്റ് നേഴ്സിംങ്ങ് കോളജിന് അനുമതി പോലും ലഭ്യമാക്കാൻ കഴിയാത്ത മന്ത്രി രാജി വയ്ക്കാൻ തയ്യാറായില്ലെങ്കിൽ എത്രയും വേഗം മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്നും ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ആവശ്യപ്പെട്ടു.