തിരുവനന്തപുരം : ബജറ്റ് അവതരിപ്പിച്ചശേഷമുള്ള ഇടവേള കഴിഞ്ഞ് നിയമസഭ തിങ്കളാഴ്ചമുതൽ വീണ്ടും സമ്മേളിക്കും. മൂന്നുദിവസം ബജറ്റിനെക്കുറിച്ച് പൊതുചർച്ച നടക്കും. ചർച്ചയുടെ അവസാനം ധനമന്ത്രി ബജറ്റിൽ വരുത്തുന്ന മാറ്റങ്ങളും തിരുത്തലുകളും പ്രഖ്യാപിക്കും. വിദേശ സർവകലാശാലകളുടെ കാമ്പസ് കേരളത്തിൽ തുടങ്ങാനുള്ള സാധ്യത പരിശോധിക്കുന്നതുൾപ്പെടെയുള്ള വിവാദ നിർദേശങ്ങളിൽ ചുറ്റിപ്പറ്റിയാവും ചർച്ച. ഇക്കാര്യത്തിൽ ബജറ്റ് പ്രഖ്യാപനത്തിനപ്പുറം സർക്കാരിന് നിലപാട് വ്യക്തമാക്കേണ്ടിവരും.
15-ന് വോട്ട് ഓൺ അക്കൗണ്ട് പാസാക്കി സമ്മേളനം അവസാനിപ്പിക്കും. ഭക്ഷ്യവകുപ്പ് ഉൾപ്പെടെയുള്ള സി.പി.ഐ. മന്ത്രിമാരുടെ വകുപ്പുകൾക്ക് വേണ്ടത്ര പണം അനുവദിക്കാത്തതിനെച്ചൊല്ലി പരസ്യമായ പ്രതികരണം സി.പി.ഐ. കേന്ദ്രങ്ങളിൽനിന്ന് ഉയർന്നുകഴിഞ്ഞു. സി.പി.ഐ. മന്ത്രിമാർ സഭയിൽ പരാതി പരസ്യമായി ഉന്നയിക്കാൻ തയ്യാറാകില്ല. പക്ഷെ, പാർട്ടിയിലെ എം.എൽ.എ.മാർ വഴി ഈ പ്രശ്നം പരോക്ഷമായെങ്കിലും ചർച്ചയിൽ ഉയരുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.