റാന്നി : കമ്പിക്ക് പകരം തടിക്കഷണമിട്ട് വാർത്ത കോൺക്രീറ്റ് തൂൺ ഉപയോഗിച്ച് നിർമാണം നടത്തി വിവാദമായ വലിയപറമ്പുപടി–ഈട്ടിച്ചുവട് ബണ്ടുപാലം റോഡിന്റെ ശേഷിക്കുന്ന പണികൾ തിങ്കളാഴ്ച ആരംഭിക്കുമെന്ന ഉറപ്പ് പ്രഖ്യാപനത്തിലൊതുങ്ങി. പൊടി ശല്യത്തിൽ വലഞ്ഞ് യാത്രക്കാരും പരിസരവാസികളും. 6 മാസം മുൻപ് ആരംഭിച്ച റോഡുപണിയാണിത്. ഇഴഞ്ഞും മുടങ്ങിയും നീങ്ങുന്നതിനിടെയാണ് സംരക്ഷണഭിത്തി നിർമാണം വിവാദമായത്. അത് പൊളിച്ച് നീക്കി പുനർ നിർമിച്ചു. ഇപ്പോള്‍ രണ്ടാഴ്ചയായി പണി നടക്കുന്നില്ല.
മണ്ണിട്ട് റോഡ് നിരപ്പാക്കിയിട്ടിരിക്കുകയാണ്. അതിന് മുകളിൽ ഇനി പാറ മിശ്രിതമിട്ട് നിരപ്പാക്കണം. തിങ്കളാഴ്ച പണി ആരംഭിക്കുമെന്ന് റീ ബിൽഡ് കേരള അസിസ്റ്റന്റ് എൻജിനീയറാണ് അറിയിച്ചത്. ഗതാഗതം നിരോധിച്ച് അറിയിപ്പും നൽകിയിരുന്നു. എന്നാൽ 3 ദിവസം പിന്നിട്ടിട്ടും പണി തുടങ്ങിയിട്ടില്ല. റോഡിന്റെ നിർമാണം നീളുന്നത് മൂലം സമീപവാസികൾ വലയുകയാണ്.
വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ പൊടി പറക്കുകയാണ്. ഇരുവശങ്ങളിലെയും വീടുകളിലെല്ലാം പൊടി നിറഞ്ഞു. പോർച്ചിൽ കിടക്കുന്ന വാഹനങ്ങൾ പൊടി മൂടി. വീട്ടിലിരുന്ന്‍ ആഹാരം കഴിക്കാൻ പറ്റാത്ത സ്ഥിതിയാണ്. വയോധികർക്ക് ശ്വാസം മുട്ടൽ അനുഭവപ്പെടുന്നു. തേരിട്ടമട ഭാഗത്ത് താമസിക്കുന്നവരാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്. റോഡിന്റെ ഇരുവശങ്ങളിലേക്കും അവർക്ക് പോകാനാകുന്നില്ല. എങ്ങോട്ടു പോയാലും പൊടി സഹിക്കണം. ടാറിങ് പൂർണമായി പൊളിഞ്ഞു തകർന്ന് കിടന്ന റോഡാണിത്. വികസനത്തോടെ ദുരിതം മാറുമെന്ന പ്രതീക്ഷയിൽ കാത്തിരുന്നവരാണ് ഇപ്പോൾ ദുരിതത്തിലായത്.