പൂഞ്ഞാർ : വൈദികനെ അധിക്ഷേപിച്ച സംഭവത്തിൽ വിജയപുരം രൂപത പ്രതിഷേധിച്ചു. പൂഞ്ഞാർ പള്ളി സഹവികാരിയെ വ്യക്തിപരമായും ശാരീരികമായും അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിലാണ് വിജയപുരം രൂപത പീരുമേട് ഫൊറോന ഒന്നടങ്കം പ്രതിഷേധം അറിയിച്ചത്. ക്രിസ്തീയ ശൈലിയിൽ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും അരൂപിയിൽ സംയമനത്തോടെ ഇങ്ങനെയുള്ള സംഭവങ്ങളെ മനസ്സിലാക്കണമെന്നും ജാഗരൂകരായിരിക്കണം എന്നും ആവശ്യപ്പെട്ടു. ക്രിസ്ത്യാനികൾക്കും ക്രിസ്തീയ സ്ഥാപനങ്ങൾക്കും എതിരെയുള്ള പ്രവർത്തികളിൽ ഉത്കണ്ഠ രേഖപ്പെടുത്തുകയും ഇതിന് നേതൃത്വം നൽകിയവർക്കെതിരെ മാതൃകാപരമായി നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് യോഗം അഭ്യർത്ഥിച്ചു.
ഭാരതത്തിലും കേരളത്തിലും തുടരെ തുടരെ ഉണ്ടാകുന്ന മതവിദ്വേഷത്തിന്റെ വിത്തുകൾപാ കാനും മുളപ്പിക്കാനും ഇങ്ങനെയുള്ള സംഭവങ്ങൾ സാഹചര്യം ഒരുക്കാതിരിക്കുവാൻ ഗവൺമെൻറ് നിയമ സംവിധാനങ്ങളും ഉണർന്ന് പ്രവർത്തിക്കേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണെന്ന് സമ്മേളനത്തിൽ ഓർമ്മപ്പെടുത്തി. അഭിവന്ദ്യ സെബാസ്റ്റ്യൻ തെക്കതിച്ചേരി വിജയപുരം രൂപത മെത്രാൻ സാന്നിധ്യത്തിൽ പീരുമേട് ഫൊറോനയിലെ വൈദിക സമ്മേളനം ഇങ്ങനെയുള്ള പ്രവർത്തികൾ ആരുടെയും ഭാഗത്തുനിന്ന് ആവർത്തിക്കാതിരിക്കട്ടെ എന്ന് പ്രത്യാശിക്കുകയും പൂഞ്ഞാർ സംഭവത്തിൽ അതീവമായ ഉൽക്കണ്ഠയും രേഖപ്പെടുത്തുകയും ചെയ്തു.