കോന്നി : അടവിയിലെ മുളംങ്കുടിലുകൾ നശിക്കുവാൻ തുടങ്ങിയിട്ട് കാലങ്ങൾ കഴിഞ്ഞിട്ടും പുനർനിർമ്മിക്കാൻ നടപടിയില്ല. ഓണക്കാലങ്ങളിൽ മികച്ച വരുമാനം ലഭിച്ചിരുന്ന മുളംങ്കുടിലുകൾ ആണ് ഈ നിലയിലായിട്ടുള്ളത്. വനം വകുപ്പിന്റെ കോന്നി വന വികാസ് ഏജൻസിക്ക് കീഴിൽ തണ്ണിത്തോട് പേരുവാലിയിൽ കല്ലാറിന്റെ കരയിലാണ് മുളംകുടിലുകൾ പ്രവർത്തിക്കുന്നത്. അഞ്ച് ഹട്ടുകളും ഡൈനിങ് ഹാളുമാണ് നിലവിൽ പ്രവർത്തിക്കുന്നത്. ഇതിൽ രണ്ടെണ്ണം നാശോന്മുഖമായിട്ട് വർഷങ്ങളായി. നിലവിൽ മൂന്ന് ഹട്ടുകൾ സഞ്ചാരികൾക്ക് താമസിക്കാനായി നൽകുന്നുണ്ട്.
ശുചിമുറികളിലെയും വയറിങ്ങിലെയും തകരാർ പരിഹരിക്കാൻ ഉണ്ട്. ഡൈനിങ് ഹാളിന് ചോർച്ചയുള്ളതിനാൽ ടാർപ്പാളിൻ വലിച്ചു കെട്ടിയിരിക്കുകയാണ് ഇപ്പോൾ. കാലങ്ങളായി അറ്റകുറ്റപണികൾ നടത്താത്ത 2 ഹട്ടുകൾ പൂർണ്ണമായി തകർച്ചയിലാണ്. വന്യ മൃഗങ്ങളിൽ നിന്നും സംരക്ഷണം ലഭിക്കുവാൻ സ്ഥാപിച്ച സൗരോർജ വേലികൾ തകരാറിലായിട്ട് ഇതും പുനഃസ്ഥാപിച്ചിട്ടില്ല. ഹട്ടുകൾ നാശത്തിന്റെ വക്കിൽ എത്തിയിട്ടും 16 സംഘങ്ങൾ ഇവിടെ എത്തി താമസിച്ചിരുന്നു. മുൻ വർഷങ്ങളിൽ ഓണക്കാലങ്ങളിൽ നിരവധി സഞ്ചാരികൾ ഇവിടെ എത്തി താമസിച്ചിരുന്നു. എന്നാൽ ഈ തവണ മുളംങ്കുടിലുകൾ നശിക്കാൻ തുടങ്ങിയതോടെ വലിയ വരുമാന നഷ്ട്ടമാകും വനംവകുപ്പിന് ഉണ്ടാവുക.