കോന്നി : മഴക്കാലമായതോടെ വനത്തിലൂടെ കടന്നുപോകുന്ന തണ്ണിത്തോട് ചിറ്റാർ റോഡിൽ പൂട്ടുകട്ടകൾ പാകിയ ഭാഗം അപകട കെണിയാകുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ദൂരം ഇന്റർലോക്ക് കട്ടകൾ പാകിയ ഭാഗമാണിത്. തണ്ണിത്തോട് കൂത്താടിമൺ മുതലുള്ള 1.6 കിലോമീറ്റർ ഭാഗമാണ് കട്ടകൾ പാകിയത്. വനത്തിലൂടെ കടന്നുപോകുന്ന റോഡിൽ നീരുറവകൾ രൂപപ്പെട്ട് ടാറിങ് ഇളകി മാറുമെന്ന കാരണത്താൽ ആയിരുന്നു ഇവിടെ ഇന്റർലോക്ക് കട്ടകൾ പാകിയത്. എന്നാൽ മഴക്കാലമായതോടെ ഈ റോഡിൽ കൂടി വാഹനം കടന്നുപോകുമ്പോൾ അപകടം സംഭവിക്കുന്നത് വർധിച്ചിരിക്കുകയാണ്. വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച ലോക്ക് കട്ടകൾ ഇളകി തുടങ്ങിയതും അപകടകെണിയായിട്ടുണ്ട്. ഘർഷണം കുറവുള്ള റോഡിൽ ടയറുകൾ തെന്നി മാറുന്നതാണ് അപകടം സംഭവിക്കുന്നതിനുള്ള പ്രധാന കാരണം. ഇതേ റോഡിൽ മാക്രിപ്പാറക്ക് സമീപമായാണ് കൂടുതലും അപകടങ്ങൾ നടന്നിട്ടുള്ളത്.
പോലീസ് ജീപ്പ് അടക്കം ഈ റോഡിൽ നിയന്ത്രണം വിട്ട് മറിഞ്ഞിട്ടുണ്ട്. വർഷങ്ങളായി അപകടം തുടർകഥയായി മാറിയതോടെ ലോക്ക് കട്ടകളിൽ ടാറും മണലും ചേർന്ന മിശ്രിതം പ്രേ ചെയ്ത് ഘർഷണം വർദ്ധിപ്പിക്കാം എന്ന് തീരുമാനിച്ചിരുന്നു എങ്കിലും ഇതും നടപ്പായില്ല. അപകടങ്ങൾ വർധിച്ചിരുന്ന ഭാഗത്ത് താഴ്ചയിൽ കുറച്ച് ദൂരം ക്രാഷ് ബാരിയർ സ്ഥാപിച്ചിരുന്നു. എന്നാൽ കൂടുതൽ അപകടകരമായ ഭാഗത്ത് സ്ഥാപിച്ചിട്ടുമില്ല. ആദ്യ സമയങ്ങളിൽ മുളകൊണ്ട് നിർമ്മിച്ച വേലിആയിരുന്നു അപകടം ഒഴിവാക്കാൻ സ്ഥാപിച്ചത്. പിന്നീടാണ് ക്രാഷ് ബാരിയർ സ്ഥാപിച്ചത്. ഭാരം കയറ്റി വരുന്ന വലിയ വാഹനങ്ങൾ പലപ്പോഴും കുത്തനെയുള്ള കയറ്റത്തിൽ നിന്ന് പോവുകയും തുടർന്ന് കല്ല് വെച്ച് അടവെച്ചാണ് ഡ്രൈവർമാർ വാഹനം തിരികെ കയറ്റുകയും ചെയ്യുന്നത്. മഴക്കാലമായതോടെ റോഡിൽ കൂടി നിരന്തരം വെള്ളം ഒഴുകിയതിനെ തുടർന്ന് പായൽ പിടിച്ചിട്ടുമുണ്ട്. റോഡിലെ ഇന്റർലോക്ക് കട്ടകൾ ശരിയായ രീതിയിൽ സ്ഥാപിച്ച് അപകട ഭീഷണി ഒഴിവാക്കണം എന്നും ആവശ്യമുയരുന്നു.