അമേരിക്ക: അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് 23 വർഷം. അൽഖ്വയ്ദ ഭീകരരുടെ ആക്രമണത്തിൽ 3000 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന്‍റെ നടുക്കം അമേരിക്കക്കാരുടെ മനസിനെ ഇനിയും വിട്ടുപോയിട്ടില്ല. അമേരിക്കയുടെ മാത്രമല്ല ലോകചരിത്രത്തിലെ തന്നെ കറുത്ത ദിനങ്ങളിലൊന്നാണ് 2001 സെപ്റ്റംബര്‍ 11. സ്വന്തം മണ്ണിലേക്ക് കടന്നുവന്ന് തങ്ങളെ ആക്രമിക്കാൻ ഒരു ശക്തിക്കും ആവില്ല എന്ന അമേരിക്കയുടെ ആത്മവിശ്വാസത്തിനേറ്റ തിരിച്ചടിയായിരുന്നു വേള്‍ഡ് ട്രേഡ് സെന്‍റർ ആക്രമണം. ആദ്യം വന്ന റിപ്പോർട്ടുകൾ ഒരു വിമാനാപകടത്തിന്റേതായിരുന്നു.
ബോസ്റ്റണിൽ നിന്നും ലൊസാഞ്ചലസ് വിമാനത്താവളത്തിലേക്കുപോയ അമേരിക്കൻ എയർലൈൻസിന്റെ വിമാനം രാവിലെ 8.46ന് ന്യൂയോർക്ക് സിറ്റിയിലെ വേൾഡ് ട്രേഡ് സെന്ററിന്റെ വടക്കേ ടവറിലേക്ക് ഇടിച്ചു കയറി. 17മിനിറ്റിന് ശേഷം 9.3 ന് അതേ കെട്ടിടത്തിന്‍റെ തെക്കേ ടവറിലേക്ക് മറ്റൊരു വിമാനം കൂടി ഇടിച്ചു കയറിയതോടെ അതൊരു ഭീകരാക്രമണമാണെന്ന് ഉറപ്പിച്ചു
നാലു യാത്രാവിമാനങ്ങളാണ് അന്ന് അൽഖായിദ ഭീകരർ റാഞ്ചിയത്. സംഘം ലക്ഷ്യമിട്ടത് ന്യൂയോർക്ക് നഗരത്തെ മാത്രമായിരുന്നില്ല. പെന്‍റഗണും വൈറ്റ് ഹൗസുമുൾപ്പടെ ലക്ഷ്യമിട്ടു. എന്നാൽ വൈറ്റ് ഹൗസ് ആക്രമിക്കാനുള്ള ശ്രമം വിജയിച്ചില്ല.