കൊച്ചി : കാലംതെറ്റി നീലക്കുറിഞ്ഞി പൂത്തു. പുഷ്പക്കണ്ടം – അണക്കരമേട് മലനിരകളിലാണ് കുറിഞ്ഞി പൂത്തത്. പുഷ്പകണ്ടത്തും അതിര്‍ത്തി മേഖലകളിലും അണക്കരമേട്ടിലുമെല്ലാം നീലക്കുറിഞ്ഞി പൂത്തുനില്‍ക്കുകയാണ്. കോവിഡ് കാലത്താണ് കുറിഞ്ഞി പൂത്തതെങ്കിലും ടൂറിസം വികസനത്തിന് ഇത് സഹായകമാകുമെന്നാണ് പ്രതീക്ഷ. അതേസമയം കാലം തെറ്റി കുറിഞ്ഞികള്‍ പൂത്തത് ദു:സൂചനയായാണ് ആദിവാസികള്‍ ഉള്‍പ്പെടെ വിശ്വസിക്കുന്നത്. കോവിഡ് കാലത്ത് ടൂറിസം മേഖല തകര്‍ന്നിരിക്കുകയാണെങ്കിലും വര്‍ണ്ണ വിസ്മയം തീര്‍ക്കുന്ന കുറിഞ്ഞികള്‍ പ്രദേശത്തെ വിനോദസഞ്ചാര മേഖലയ്ക്ക് തന്നെ പ്രതീക്ഷയാകുകയാണ്.
12 വര്‍ഷം കൂടുമ്പോള്‍ കൂട്ടത്തോടെ പൂക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. 2006 കാലയളവിലാണ് ഇവ അവസാനമായി കൂട്ടത്തോടെ പൂത്തത്. 2018 മെയ് മാസത്തില്‍ നീലക്കുറിഞ്ഞിയുടെ വരവ് പ്രതീക്ഷിച്ചിരുന്നെങ്കിലും മഴക്കൂടുതല്‍ മൂലം സെപ്റ്റംബര്‍ മാസത്തേക്ക് നീണ്ടു. ഏറ്റവും കൂടുതല്‍ കുറിഞ്ഞി പൂക്കുന്ന ഇരവികുളം ദേശീയോദ്യാനം മഴക്കൂടുതല്‍ മൂലം സെപ്റ്റംബര്‍ ആദ്യവാരത്തിന് ശേഷം മാത്രമാണ് തുറന്നുനല്‍കിയത്.