ഡൽഹി: ഇത് ഇന്ത്യയുടെ സമയമാണെന്നും അത് പാഴാക്കാൻ പാടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യത്തിന് നൂറ് വർഷത്തിന് ശേഷമുള്ള ഇന്ത്യയുടെ ബ്ളൂപ്രിന്റ് രാജ്യത്തിനെങ്ങനെ അടിത്തറയിടുമെന്ന് വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനവും പൈതൃകവും ഒരുമിച്ച് മുന്നോട്ടുകൊണ്ട് പോകാനാണ് താൻ ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.’ഇപ്പോൾ രാജ്യത്ത് നടക്കുന്ന കാര്യങ്ങൾ ഇന്ത്യയെ 1000 വർഷത്തെ ശോഭനമായ ഭാവിയിലേയ്ക്ക് നയിക്കും. ഇത് നമ്മുടെ സമയമാണെന്നത് എനിക്ക് വ്യക്തമാണ്. ഇത് ഭാരതത്തിന്റെ സമയമാണ്, അത് പാഴാക്കാൻ പാടില്ല. ഇതിനായി സർക്കാർ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു.
ബ്ളൂപ്രിന്റിനായുള്ള പ്രവർത്തനങ്ങൾ വികസനത്തിന്റെ പാതയിലാണ്. വലിയൊരു പരിശീലനമാണ് നമ്മൾ നടത്തുന്നത്, ഒരു മെഗാ ബ്രെയിൻസ്റ്റോമിംഗ് പദ്ധതി. ഞാനിത് കാലങ്ങളായി ചെയ്തുവരികയാണ്. എന്റെ കൂടെയുണ്ടായിരുന്ന ചില ഓഫീസർമാർവരെ വിരമിച്ചു. ഇതിനായി മന്ത്രിമാർ, സെക്രട്ടറിമാർ, വിവിധ മേഖലകളിലെ വിദഗ്ദ്ധർ എന്നിവരുടെ അഭിപ്രായവും തേടി.വിവിധ ഘട്ടങ്ങളിലായി നടപ്പാക്കാനാണ് പദ്ധതിയിടുന്നത്. 25 വർഷം, അഞ്ച് വർഷം, ഒരു വർഷം, നൂറ് ദിവസം എന്നിങ്ങനെ തരംതിരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിൽ ചിലപ്പോൾ കൂട്ടിച്ചേർക്കലുകളും ഉണ്ടാവാം. 75 വർഷത്തേയ്ക്കുള്ള കാര്യങ്ങളല്ല ഞാൻ ചിന്തിക്കുന്നത്. നൂറ് വർഷമാണ് എന്റെ ലക്ഷ്യം. ഇതാണ് ഞാൻ എവിടെപ്പോയാലും ചോദിക്കുന്നത്. രാജ്യം നൂറ് വർഷത്തിലേയ്ക്ക് കടക്കുമ്പോൾ നിങ്ങൾ എന്താണ് ചെയ്യാൻ പോകുന്നതെന്ന് ഞാൻ പല സ്ഥാപനങ്ങളോടും ചോദിച്ചു.