ഡല്‍ഹി: അതീഖ് അഹമ്മദിന്റെയും സഹോദരന്‍ അഷ്റഫിന്റെയും മൃതദേഹങ്ങള്‍ കുടുംബത്തിന് വിട്ടുനല്‍കി. സംസ്‌കാര ചടങ്ങുകള്‍ അല്‍പസമയത്തിനകം ആരംഭിക്കും. അതീഖിന്റെ മരണകാരണം നെഞ്ചിലും കഴുത്തിലേറ്റ വെടികളാണെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അതേസമയം, കൊലപാതകത്തിലെ മൂന്ന് പ്രതികളെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 14 ദിവസമാണ് കസ്റ്റഡിയില്‍ വിട്ടത്.
ഇന്നലെ രാത്രിയിലാണ് ആതിഖ് അഹമ്മദും സഹോദരനും വെടിയേറ്റ് മരിക്കുന്നത്. ആസൂത്രിതമായിട്ടായിരുന്നു പ്രതികളുടെ നീക്കം. ലൗലേഷ് തിവാരി, സണ്ണി, അരുണ്‍ മൗര്യ എന്നിവരാണ് ഇരുവരേയും കൊലപ്പെടുത്തിയത്. തുടര്‍ന്ന് സംഭവസ്ഥലത്തു നിന്നും രക്ഷപെടാന്‍ ശ്രമിച്ച ഇവരെ പോലീസ് പിടികൂടിയിരുന്നു. വന്‍ ആസൂത്രമാണ് കൊലയ്ക്കായി ഇവര്‍ നടത്തിയത്. വ്യാഴാഴ്ച പ്രയാഗ്രാജിലെത്തിയ ഇവര്‍ ഒരു ലോഡ്ജിലാണ് താമസിച്ചിരുന്നത്. ഈ ലോഡ്ജ് മാനേജറെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. മാധ്യമപ്രവര്‍ത്തകരുടെ വേഷത്തില്‍ മൈക്കും വ്യാജ ഐ.ഡി കാര്‍ഡുകളും കാമറയുമായാണ് കൊലയാളികള്‍ എത്തിയത്.