റിയാദ്: ഈദുൽ ഫിത്ർ ദിനമായിരുന്ന ഞായറാഴ്ച രാവിലെ സൗദിയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് മരിച്ച മൂന്നു പേരുടെയും മൃതദേഹങ്ങൾ ഖബറടക്കി. കോഴിക്കോട് കാപ്പാട് മാക്കാംകുളങ്ങര ശരീഫ് ഫാസിൽ വീട്ടിലെ ശിഹാബ് കാപ്പാട്, കണ്ണൂർ മമ്പറം സ്വദേശി മിസ്അബ് കൂത്തുപറമ്പ് എന്നിവരും കുടുംബാംഗങ്ങളുമാണ് ഒമാൻ-സൗദി അതിർത്തിയായ ബത്ഹയില്‍ അപകടത്തില്‍പെട്ടത്. അപകടത്തിൽ മരിച്ച ശിഹാബിന്റെ ഭാര്യ സഹ്ല (30), മകള്‍ ആലിയ (7), മിസ്അബിന്റെ മകന്‍ ദഖ്വാന് (6) എന്നിവരുടെ മൃതദേഹങ്ങളാണ് അൽ-അഹ്സയിൽ വമ്പിച്ച ജനാവലിയുടെ സാന്നിധ്യത്തിൽ ഇന്ന് (ചൊവ്വാഴ്ച) ദുഹ്ർ നമസ്കാരശേഷം നടന്ന മയ്യിത്ത് നമസ്കാരശേഷം ബറടക്കിയത്.
പെരുന്നാൾ ദിനത്തിൽ കുടുംബത്തോടൊപ്പം പ്രവാസികളെയും ഏറെ നടുക്കിയ ദാരുണമായ അപകടമായിരുന്നു ഇത്. കേരളത്തിലെ എസ്.എസ്.എഫിന്റെ പോഷക സംഘടനയായ ഒമാനിലെ ആർ.എസ്.സി യുടെ നാഷനൽ സെക്രട്ടറിമാരായ കണ്ണൂർ മമ്പറം സ്വദേശി മിസ്അബിന്റെയും കോഴിക്കോട് കാപ്പാട് സ്വദേശി ശിഹാബിന്റെയും കുടുംബങ്ങൾ ഒമാനിൽ നിന്നും മക്കയിലേക്ക് പുറപ്പെട്ടതായിരുന്നു. വാഹനമോടിക്കുന്നതിനിടെ ഉറക്കം വന്നതോടെ ഇവർ സഞ്ചരിച്ച കാർ ഒമാൻ അതിർത്തി കഴിഞ്ഞുള്ള സൗദി പ്രദേശത്ത് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു.